| Sunday, 6th October 2024, 3:13 pm

ഭോപ്പാലിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി; രണ്ട് പേർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: ഭോപ്പാലിൽ 1800 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ഗുജറാത്ത് സംയുക്ത ഓപ്പറേഷനിലാണ് ഏകദേശം 1800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്.

1,814 കോടി രൂപ വിലമതിക്കുന്ന എം.ഡി മരുന്നുകളും അവ നിർമിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തതായി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി ഞായറാഴ്ച അറിയിച്ചു.

തന്റെ എക്സ് പോസ്റ്റിലൂടെ അദ്ദേഹം മയക്കുമരുന്ന് വേട്ടയിൽ പങ്കാളികളായവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ‘ഗുജറാത്ത് എ.ടി.എസിനും എൻ.സി.ബി. ഡൽഹിക്കും മയക്കുമരുന്നിനെതിരായ പോരാട്ടത്തിലെ വൻ വിജയത്തിന് അഭിനന്ദനങ്ങൾ. അടുത്തിടെ ഭോപ്പാലിലെ ഒരു ഫാക്ടറിയിൽ റെയ്ഡ് നടത്തി എം.ഡിയും അവ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു, മൊത്തം മൂല്യം 1814 കോടി രൂപയാണ്.

മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ ഞങ്ങളുടെ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെ ഈ നേട്ടം കാണിക്കുന്നു. നമ്മുടെ സമൂഹത്തിൻ്റെ ആരോഗ്യവും സുരക്ഷിതത്വവും സംരക്ഷിക്കുന്നതിൽ അവരുടെ സഹകരണ ശ്രമങ്ങൾ നിർണായകമാണ്,’ സംഘവി പറഞ്ഞു.

മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നടത്തിയ റെയ്ഡിലാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ദൽഹി പൊലീസ്, നഗരം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടത്തി ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം. ദക്ഷിണ ദൽഹിയിലെ മഹിപാൽപൂരിൽ നിന്ന് 560 കിലോഗ്രാം കൊക്കെയ്നും 40 കിലോഗ്രാം ഹൈഡ്രോപോണിക് മരിജുവാനയും പിടിച്ചെടുത്തിരുന്നു.

Content Highlight: Drugs worth Rs 1,800 crore recovered from factory near Bhopal, two arrested

We use cookies to give you the best possible experience. Learn more