ന്യൂദല്‍ഹി: മാതാപിതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹാദിയ സുപ്രീം കോടതിയില്‍. വീട്ടുതടങ്കലിലായിരുന്നപ്പോള്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നുവെന്നാണ് ഹാദിയ ആരോപിക്കുന്നത്. ഇന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. തെളിവു നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തന്നെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നുവെന്നും ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു.
അമ്മ പാചകം ചെയ്യുന്ന ഭക്ഷമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരുദിവസം അമ്മ രാവിലത്തെ ഭക്ഷണം തയ്യാറാക്കുന്നതിനിടെ താന്‍ അടുക്കളയിലേക്കു പോയി. തന്റെ സാന്നിദ്ധ്യം അമ്മ ശ്രദ്ധിച്ചില്ല. ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടുവെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഇതിനു ശേഷം സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് കഴിക്കാറ്. വലിയ പീഡനങ്ങളാണ് താന്‍ വീട്ടില്‍ മാതാപിതാക്കളില്‍ നിന്നും അനുഭവിച്ചത്. അനുവാദമില്ലാതെയാണ് രാഹുല്‍ ഈശ്വര്‍ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയതെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണ്. അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയും തന്നെ പീഡിപ്പിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെടുന്നു.
അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ചയാണ് പരിഗണിക്കുക.