ഉത്തേജക മരുന്ന്: കായിക താരങ്ങളുടെ വിലക്ക് രണ്ട് വര്‍ഷമാക്കി
DSport
ഉത്തേജക മരുന്ന്: കായിക താരങ്ങളുടെ വിലക്ക് രണ്ട് വര്‍ഷമാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th July 2012, 2:29 pm

ന്യൂദല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ആറ് ഇന്ത്യന്‍ വനിതാ കായിക താരങ്ങളുടെ വിലക്ക് രണ്ട് വര്‍ഷമാക്കി. മലയാളികള്‍ ഉള്‍പ്പെടെയുള്ള താരങ്ങളായ സിനി ജോസ്, ടിയാന മേരി തോമസ് എന്നിവരെക്കൂടാതെ പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി, മന്‍ദീപ് കൗര്‍, ജുവാന മുര്‍മു എന്നിരുടെ വിലക്കാണ് രണ്ടുവര്‍ഷമായി മാറ്റിയത്.  []

നാഡയാണ്(നാഷണല്‍ ആന്റി- ഡോപിങ് ഏജന്‍സി) ഇവര്‍ക്ക് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇവരുടെ ഒരു വര്‍ഷത്തെ വിലക്കിനെതിരെ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ രാജ്യാന്തര അത്‌ലറ്റിക് തര്‍ക്ക പരിഹാര കോടതി വിലക്ക് രണ്ടുവര്‍ഷമാക്കി മാറ്റിയത്.

കോച്ച് നല്‍കിയ വിറ്റാമിന്‍ ഗുളികയാണ് തങ്ങള്‍ കഴിച്ചതെന്നും അതില്‍ ഉത്തേജകത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും തങ്ങളുടെ അറിവോടയല്ല ഉത്തേജകം ഉപയോഗിച്ചതെന്നുമുള്ള താരങ്ങളുടെ വാദം കണക്കിലെടുത്താണ് ശിക്ഷ നാഡ ഒരു വര്‍ഷമാക്കി ചുരുക്കിയിരുന്നത്.

എന്നാല്‍ ഓരോ താരങ്ങളും തങ്ങള്‍ ഉത്തേജകം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് മതിയാവില്ലെന്നുമായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ വാദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.