[share]
[]തിരുവനന്തപുരം: മരുന്നു പരീക്ഷണം നടത്തുമ്പോള്‍ ബന്ധപ്പെട്ട ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കൃത്യമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍.
രജിസ്റ്റര്‍ ഉടന്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അനധികൃത മരുന്നു പരീക്ഷണങ്ങള്‍ തടയാനാണ് രജിസ്റ്റര്‍ സൂക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തണം. രോഗി, ഡോക്ടര്‍, ആശുപത്രി, പരീക്ഷണത്തിന്റെ ലക്ഷ്യം എന്നിവയും പരീക്ഷണത്തിന്റെ പാര്‍ശ്വഫലങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനാണ് രജിസ്റ്ററിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് അനധികൃതമായ മരുന്ന് പരീക്ഷണങ്ങള്‍ വ്യാപകമാവുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിദഗ്ധരടങ്ങുന്ന ഒരു സമിതിയെ സര്‍ക്കാര്‍ വിഷയം പഠിക്കുന്നതിനായി നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് രജിസ്റ്റര്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
രജിസ്റ്ററിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരീക്ഷണത്തില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.