| Tuesday, 18th December 2012, 10:30 am

സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചാ ഭീഷണിയില്‍: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചാഭീഷണിയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.[]

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ഇപ്പോള്‍ വരള്‍ച്ച രൂക്ഷമായിരിക്കുന്നത്. പറമ്പികുളം ആളിയാര്‍ കരാര്‍ അനുസരിച്ച് വെള്ളം നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാടിന്റേത് അനുകൂല നിലപാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളിയാര്‍ കരാര്‍ അനുസരിച്ച് വെള്ളം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

നിലവില്‍ തിരുവനന്തപുരം, കൊല്ലം, വയനാട്, ഇടുക്കി എന്നീ ജില്ലകളെ വരള്‍ച്ചാ ബാധിത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളേയും വരള്‍ച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കേണ്ട സ്ഥിതിയിലാണ്.

നാളെ അടിയന്തരമായി ദുരന്തനിവാരണ വിഭാഗത്തിന്റെ യോഗം ചേരും. ഈ യോഗത്തിന് ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും. പാലക്കാട് ജില്ലയില്‍ പരീക്ഷണ രീതിയില്‍ ഈ പദ്ധതി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്. വരള്‍ച്ചാ ബാധിത ജില്ലകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വരള്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Latest Stories

We use cookies to give you the best possible experience. Learn more