തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂഗര്‍ഭ ജലവിതാനം വലിയ തോതില്‍ കുറയുന്നതായി ഭൂഗര്‍ഭജല വകുപ്പിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത കുറവാണ് ഈ വേനലില്‍ ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ രണ്ടര ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സംസ്ഥാനമിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറു മീറ്റര്‍ വരെയാണ് പലയിടങ്ങളിലും ജലവിതാനം താഴ്ന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 871 കുഴല്‍ക്കിണറുകളിലാണ് ഭൂഗര്‍ഭജല വകുപ്പ് പഠനം നടത്തിയത്. ആകെയുള്ള 186 ബ്ലോക്കുകളില്‍ 88 ഇടങ്ങളിലും ജലനിരപ്പ് താഴ്ന്നതായി പഠനം കണ്ടെത്തി. []
തിരുവനന്തപുരം ജില്ലയില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവയുള്‍പ്പെടെ 5 ബ്ലോക്കുകളില്‍ മൂന്നു മുതല്‍ ആറ് വരെ മീറ്ററാണ് ജലനിരപ്പ് കുറഞ്ഞിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ 13 ബ്ലോക്കുകളില്‍ 1 മുതല്‍ 2 മീറ്റര്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍് 2 മീറ്റര്‍ വീതവും ഇടുക്കിയിലെ 4 ബ്ലോക്കുകളില്‍ 5 മീറ്റര്‍ വരെയും കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.
മലപ്പുറം, കോട്ടയം, വയനാട് തുടങ്ങിയ മറ്റ് ജില്ലകളിലെയും സ്ഥിതി സമാനമാണ്. മഴയുടെ കുറവ് മാത്രമല്ല വന്‍ തോതിലുള്ള പ്രകൃതി നശീകരണവും ജലനിരപ്പ് കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടര്‍ ബാബു ജോസഫ് പറയുന്നു. ഇടവപ്പാതി കനിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 4,00,000 കോടി ഘനമീറ്റര്‍ വെള്ളം പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ അതില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് 1,08,600 കോടി ഘനമീറ്റര്‍ മാത്രവും. കേരളത്തിന്റെ ജലസമ്പത്തിന്റെ നിദാനവും ജല സംക്രമണവും പ്രധാനമായും നടത്തുന്നത് നദികളെ ആശ്രയിച്ചാണ്. തടസ്സമില്ലാതെ ഒഴുകുന്ന ജലവും മണലും ജല ജീവികളുമെല്ലാം ഈ ആവാസവ്യസ്ഥയുടെ അവിഭാജ്യ ഘടകമാണ്.
നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് കേരളത്തിന്റെ ജല സംഭരണശേഷിയെ കുറച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍ മൂലം നദികളുടെ അടിത്തട്ട് വന്‍തോതില്‍ താഴുകയും ഇക്കാരണത്താല്‍ നദീതീരത്തെ ഭൂഗര്‍ഭജല വിതാനവും കുറയുകയും ചെയ്തു.
ഇത് കേരളത്തില്‍ അടുത്ത കാലത്തെുണ്ടായ പ്രതിഭാസമാണ്. കേരളത്തിലെ മിക്ക നദികളും മണല്‍വാരലിന്റെ ക്രൂരത അനുഭവിക്കുന്നവയാണ്. മൂന്നു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ചെളിയാണിപ്പോള്‍. ഇത് ശുദ്ധജല ലഭ്യതക്ക് വന്‍തോതില്‍ ഭീഷണിയാണ്. കാലാവസ്ഥാ പ്രവചനമനുസരിച്ച് കേരളത്തില്‍ മഴയെത്താന്‍ വൈകുമെന്നതിനാല്‍ വരും നാളുകളില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് അതി രൂക്ഷമായ വരള്‍ച്ചയെയായിരിക്കും.