പാലക്കാട്: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത് 27 കോടി രൂപയുടെ കൃഷിനാശം. നാണ്യവിളകള്‍ ഉള്‍പ്പെടെ വന്‍തോതിലാണ് കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നത്. പാല്‍ ഉല്‍പാദനത്തിലും വന്‍ കുറവ് ഇക്കാലയളവില്‍ രേഖപ്പെടുത്തി. പച്ചക്കറിക്കൃഷി നാശം കൂടി കണക്കാക്കിയാല്‍ നാശനഷ്ടം 40 കോടി കവിയുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
മൃഗസംരക്ഷണ മേഖലയിലെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. കൃഷിനാശത്തില്‍ 22 കോടി രൂപയും നെല്‍കൃഷിമേഖലയിലാണ്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ നാശം 413 ഹെക്ടര്‍. ആലപ്പുഴ ജില്ലയില്‍ 140 ഹെക്ടറും വയനാട്ടില്‍ 66 ഹെക്ടറും ഉണങ്ങി നശിച്ചു. കതിര്‍ പാകമാകാന്‍ ആവശ്യമായ വെള്ളമില്ലാതെയാണു ഭൂരിഭാഗം നാശവും. പാലക്കാട്ട് ചിറ്റൂര്‍ ഭാഗത്ത് 120 കുഴല്‍ക്കിണറുകളിലെ വെളളം വറ്റിയതിനാല്‍ അത്യാവശ്യ നന പോലും നടക്കുന്നില്ല.
കുടിവെള്ളക്ഷാമവും രൂക്ഷമായതോടെ കൃഷിക്കു വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല. പാടങ്ങള്‍ ഉഴുതെങ്കിലും വിഷുവിനു വിത്തിറക്കാന്‍ കഴിയാത്തതു വരുംദിവസങ്ങളില്‍ മേഖലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. വിത്തിറക്കല്‍ വൈകുന്നത് ഉല്‍പാദനത്തെ സാരമായി ബാധിക്കുമെന്നാണു കര്‍ഷകരുടെ ആശങ്ക. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലായി 250 ഹെക്ടര്‍ വാഴക്കൃഷിയും ഉണങ്ങി നശിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ 50 ഹെക്ടര്‍ കുരുമുളക് കൃഷിയാണു നശിച്ചത്.
വിവിധരോഗങ്ങളാല്‍ കുരുമുളകു കൃഷി പ്രതിസന്ധിയിലായിരിക്കേയാണു രൂക്ഷമായ വരള്‍ച്ച. കഴിഞ്ഞ വരള്‍ച്ചയുടെ കെടുതിയില്‍ നിന്നു കരകയറിയ തെങ്ങുകൃഷിയില്‍ ഈ വര്‍ഷം മികച്ച വിളവാണുണ്ടായത്. ഇപ്പോഴത്തെ വരള്‍ച്ച തെങ്ങിനെ എത്രത്തോളം ബാധിച്ചുവെന്നത് അടുത്തവര്‍ഷമേ അറിയാനാകൂ.
കൃഷിനാശത്തെക്കുറിച്ചു ദിനംപ്രതി റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഓഫിസുകള്‍ക്കു നിര്‍ദേശം നല്‍കിയതായി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികോല്‍പാദന കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നു. അടിയന്തര നഷ്ടപരിഹാരം, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു വേഗത്തില്‍ സഹായധനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളും കൃഷി ഓഫിസുകള്‍ മുഖേന ആരംഭിച്ചിട്ടുണ്ട്.
വരള്‍ച്ചയുടെ കാഠിന്യം കേന്ദ്ര സര്‍ക്കാരിനെ തുടര്‍ച്ചയായി അറിയിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിട്ടില്ല.