| Friday, 26th April 2013, 3:24 pm

കുട്ടനാട്ടിലെ നെല്ലുല്‍പ്പാദനത്തില്‍ വന്‍ കുറവ്; ഉപ്പുവെള്ളവും വരള്‍ച്ചയും വില്ലന്മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: വരള്‍ച്ചക്കു പിന്നാലെ ഉപ്പുവെള്ളവും കുട്ടനാടന്‍ നെല്‍കൃഷിക്ക് തിരിച്ചടിയാവുന്നു. ജില്ലയിലെ നെല്ലുല്‍പ്പാദനത്തില്‍ ഇത്തവണ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പുഞ്ച സീസണില്‍ ലഭിച്ചതിനേക്കാല്‍ അന്‍പതിനായിരം ക്വിന്റല്‍ നെല്ലിന്റെ കുറവാണ് ഇപ്രാവശ്യമുണ്ടായത്. കഴിഞ്ഞ പുഞ്ച സീസണില്‍ പതിനഞ്ച് ലക്ഷം ക്വിന്റല്‍ നെല്ലാണ് ആലപ്പുഴ ജില്ലയില്‍ നിന്നും സംഭരിച്ചത്.[]
കൃഷിയുടെ ആരംഭ ഘട്ടത്തില്‍ തന്നെ ഉപ്പു വെള്ളം കയറിയതും കതിരിടുന്ന സമയത്ത് മഴ ലഭിക്കാതിരിക്കുകയും ചെയ്തതാണ് നെല്‍ കൃഷിക്ക് തിരിച്ചടിയായി കണകാക്കുന്നത്.

ഏതാനും പാടശേഖരങ്ങളില്‍ കൂടി മാത്രമേ ഇനി വിളവെടുപ്പ് പൂര്‍ത്തിയാക്കാനുള്ളു. 65,000 ടണ്‍ നെല്‍ ലഭിച്ച പാടശേഖരങ്ങളില്‍ നിന്നും ഈ സീസണില്‍ ലഭിച്ചത് 50,000 ടണ്‍ നെല്ല്  മാത്രമാണ് ലഭിച്ചത്. വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ജില്ലയില്‍ 50,000 ടണ്‍ നെല്ലിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ രഹസ്യമായി ഉയര്‍ത്തുന്നത് വഴിയും കടലിനോട് ചേര്‍ന്ന് കിടക്കുന്ന കായംകുളം കായലില്‍ നിന്നുമാണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറിയത്.

പാടത്ത് ഉപ്പുവെള്ളം കയറുന്നത് വളം വലിച്ചെടുക്കാനുള്ള ചെടിയുടെ ശക്തിയില്ലാതാക്കും. പലപ്പോഴും മഴക്കെടുതി കൃഷിനാശം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വരള്‍ച്ച നെല്ലുല്‍പാദനത്തെ ബാധിക്കുന്നത് അപൂര്‍വമാണ്. കടുത്ത ചൂട് മൂലം നിലം വിണ്ടു കീറിയ പല പാടശേഖരങ്ങളിലും കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയുമുണ്ടായി. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതും ഉല്‍പാദന കുറവിന്റെ കാരണമായിട്ടുണ്ട്.

തണ്ണീര്‍മുക്കം ബണ്ട് യഥാസമയം അടയ്ക്കുകയും തോടുകളില്‍ തടയണകള്‍ സ്ഥാപിക്കുകയും ചെയ്താല്‍ കൃഷിനാശം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

We use cookies to give you the best possible experience. Learn more