ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 132 റൺസിനാണ് ഇന്ത്യൻ ടീം മത്സരം വിജയിച്ചത്. ആദ്യം ഇന്നിങ്സ് ബാറ്റ് ചെയ്ത ഓസ്ട്രേലിയ 177 റൺസിന് പുറത്തായ മത്സരത്തിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 400 റൺസിന് പുറത്തായിരുന്നു.
മത്സരം വിജയിക്കാൻ രണ്ടാം ഇന്നിങ്‌സിൽ കൂറ്റൻ റൺസ് വേണ്ടിയിരുന്ന ഓസീസ് വെറും 91 റൺസിന് പുറത്തായതോടെ ഇന്നിങ്സിനും 132 റൺസിനും മത്സരം ഇന്ത്യ വിജയിക്കുകയായിരുന്നു.
120 റൺസ് നേടിയ രോഹിത് ശർമ, 70 റൺസ് നേടിയ ജഡേജ, 84 റൺസ് നേടിയ അക്സർ പട്ടേൽ എന്നിവർ നേടിയ കൂറ്റൻ സ്കോറുകൾ ഇന്ത്യൻ ബാറ്റിങ് നിരക്ക് കരുത്ത് പകർന്നപ്പോൾ ജഡേജ, അശ്വിൻ എന്നിവരുടെ സ്പിൻ ബോളുകൾ ഓസീസ് ബാറ്റിങ് നിരയെ തകർത്തുവിട്ടു.
എന്നാൽ ആദ്യ ടെസ്റ്റിൽ ഷമി, സിറാജ് എന്നിവർ തീരെ നിറംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാൽ തന്നെ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമിയെയോ സിറാജിനെയോ ടീമിൽ നിന്നും മാറ്റി പകരം കുൽദീപ് യാദവിനെ ടീമിലെടുക്കാൻ ഉപദേശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് താരം ഡാനിഷ് കനേരിയ.
കുൽദീപ് ടീമിലുണ്ടെങ്കിൽ ഇന്ത്യക്ക് അത് ഗുണം ചെയ്യുമെന്നും സ്പിൻ കൊണ്ടുള്ള ആക്രമണം കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ ഇന്ത്യൻ ബൗളിങ് ഡിപ്പാർട്മെന്റിന് സാധിക്കുമെന്നും കനേരിയ അഭിപ്രായപ്പെട്ടു.
തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കനേരിയ കുൽദീപിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“എനിക്കറിയാം ഇന്ത്യൻ ടീം അവരുടെ വിജയിച്ച ടീമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്ന്. എന്നാൽ കുൽദീപിനെ ഇന്ത്യൻ ടീമിലേക്ക് കൊണ്ട് വരണമെന്നാണ് എന്റെ അഭിപ്രായം.
ഷമിയെയോ സിറാജിനെയോ മാറ്റി കുൽദീപി നെ കൊണ്ട് വരണം. ട്രാക്കിൽ ഒരുപാട് ടേൺ കൊണ്ടുവരാൻ സ്പിന്നറായ കുൽദീപിന് സാധിക്കും,’ കനേരിയ പറഞ്ഞു.