| Monday, 9th March 2020, 4:19 pm

നിര്‍ദ്ദേശം സ്വീകരിക്കാത്ത റഷ്യയോട് പൊരുതി സൗദി; എണ്ണവില കുത്തനെ കുറച്ചു; ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെ കൂപ്പുകുത്തി അസംസ്‌കൃത എണ്ണ വില. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ താഴെവരെ വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് നല്‍കുന്ന സൂചന.

29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധ സമയത്താണ് ഇതിന് മുമ്പ് വില ഇത്രത്തോളം കുറഞ്ഞിട്ടുള്ളത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എണ്ണവില കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉല്‍പാദനം കുറയ്ക്കണമെന്ന് സൗദി ഉള്‍പ്പെട്ട ഒപെക് രാഷ്ട്രങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ റഷ്യ തയ്യാറാകാത്തതോടെയാണ് സൗദി പ്രതികാര നടപടികളുമായി രംഗത്തെത്തിയത്.

സൗദിയാണ് എണ്ണ കയറ്റുമതി രംഗത്ത് ലോകത്ത് ഒന്നാമത്. രണ്ടാം സ്ഥാനമാണ് റഷ്യക്കുള്ളത്.

ഇതോടെ ഇന്ത്യന്‍ വിപണിയിലും എണ്ണവില ഇടിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറയുന്നത്.

കേരളത്തിലും എണ്ണ വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 74 രൂപയും ഡീസലിന് 68 രൂപയുമാണ് വില. ഒരാഴ്ചക്കിടെ ഒന്നര രൂപയാണ് പെട്രോള്‍ വിലയില്‍ കുറവുണ്ടായിരിക്കുന്നത്.

അതേസമയം, എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂപ്പുകുത്തി. പത്തുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണ് കമ്പനിയുടെ ഓഹരികള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more