ഡ്രോണ്‍ യുദ്ധങ്ങളും ഇറാനിലെ സൈനിക-വ്യാവസായിക സമൂഹത്തിന്റെ വളര്‍ച്ചയും
Opinion
ഡ്രോണ്‍ യുദ്ധങ്ങളും ഇറാനിലെ സൈനിക-വ്യാവസായിക സമൂഹത്തിന്റെ വളര്‍ച്ചയും
ഹമീദ് ദബാശി
Saturday, 28th January 2023, 6:10 pm

ഒരു പതിറ്റാണ്ടിനുമപ്പുറം, കൃത്യമായി പറഞ്ഞാല്‍, 2011 ന്റെ അവസാനത്തില്‍, ഒരു അമേരിക്കന്‍ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ RQ-170 സെന്റിനല്‍ ആളില്ലാ വിമാനം (UAV) ഇറാന്‍ താഴെയിറക്കി എന്ന വാര്‍ത്തകള്‍ വന്നു.

ഈ വിമാനം ഉപയോഗപ്പെടുത്തി ഇറാന്‍ റിവേഴ്‌സ് എഞ്ചിനീയറിംഗ് (ഒരു ഉല്‍പന്നത്തെ സൂക്ഷ്മ പരിശോധന നടത്തി അതുണ്ടാക്കിയ രീതി കണ്ടുപിടിക്കുക) ആരംഭിക്കുകയും ഇതിന്റെ ഫലമായി ഷാഹെദ് 171 സിമോര്‍ഗ്, ഷാഹെദ് സാഗെ എന്നിവ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

പ്രസ്തുത ഡ്രോണ്‍ തിരികെനല്‍കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വര്‍ഷങ്ങളോളം ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും, അവര്‍ വഴങ്ങിയില്ല. ഇറാനെ സംബന്ധിച്ച് കൂടുതല്‍ ‘മെച്ചപ്പെട്ട’ കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാനുണ്ടായിരുന്നു.

ആളില്ലാ വിമാനത്തെ താഴെയിറക്കാന്‍ ഉപയോഗിച്ച ‘സ്പൂഫിംഗ്’ സാങ്കേതികവിദ്യയില്‍ അവര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് അക്ഷാംശ രേഖയിലെയും രേഖാംശ രേഖയിലെയും വിവരങ്ങളാണെന്നും (വ്യാജ വിവരങ്ങള്‍ നല്‍കി ഒരു സംവിധാനത്തെ കബളിപ്പിച്ച് കാര്യം നേടുന്നതിനെയാണ് സ്പൂഫിംഗ് എന്ന് പറയുന്നത് ) അമേരിക്കയുടെ നിയന്ത്രണ കേന്ദ്രത്തില്‍ നിന്നുള്ള ആശയവിനിമയ സന്ദേശങ്ങളടങ്ങുന്ന റിമോട്ട് കണ്‍ട്രോള്‍ സിഗ്‌നലുകളെ തകര്‍ക്കാതെ തന്നെ ഡ്രോണിനെ തങ്ങള്‍ ആഗ്രഹിച്ചിടത്ത് ഇറക്കാന്‍ സാധിച്ചെന്നും (അതിനെ സ്വയം ലാന്റ് ചെയ്യിപ്പിച്ചു ) ഇറാന്‍ അധികൃതര്‍ അന്ന് വീരവാദം മുഴക്കി.

ഇറാനിലെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുള്ള സി.ഐ.എ രഹസ്യാന്വേഷണ പദ്ധതിയുടെ ഭാഗമാണ് ഈ ഡ്രോണ്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. അമേരിക്കയെ പുറത്താക്കി ഡ്രോണിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇറാന്‍ അതിനെ നേരെ അവരുടെ സൈനിക ഗവേഷണ കേന്ദ്രങ്ങളില്‍ എത്തിച്ചു.

പിടിച്ചെടുത്ത ഡ്രോണില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡീകോഡ് ചെയ്തതായി 2013ല്‍ ഇറാന്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി.

അടുത്ത വര്‍ഷത്തോടെ, പിടിച്ചെടുത്ത ഡ്രോണിന്റെ തങ്ങളുടേതായ ഒരു പതിപ്പ് നിര്‍മ്മിച്ചുവെന്ന് ഇറാന്‍ അവകാശം ഉന്നയിച്ചെങ്കിലും യു.എസ് അധികൃതര്‍ ആ വാദം തള്ളി. പിന്നീട് റഷ്യയും ചൈനയും ഇറാനോട് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

2016 ഓടെ ഇറാന്‍ ‘കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകളുമായി RQ 170 പുനര്‍നിര്‍മ്മിച്ചു’എന്ന് പരസ്യമായി പ്രഖ്യാപിച്ചു. കൂടാതെ അതിന് പേര്‍ഷ്യന്‍ പുരാണത്തിലെ ഐതിഹാസിക കഥാപാത്രമായ ‘സിമോര്‍ഗ് ‘എന്ന പക്ഷിയുടെ പേര് നല്‍കാനും തീരുമാനിച്ചു.

2018ഓടെ ഇസ്രാഈല്‍ മാധ്യമങ്ങളില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു, ‘ഇസ്രാഈലിന്റെ വ്യോമമണ്ഡലത്തില്‍ പ്രവേശിച്ച ആളില്ലാ വിമാനം(UAV ) അമേരിക്കയുടെ ‘സ്റ്റെല്‍ത്ത് നോക്ക്-ഓഫ് ‘ ആണെന്നാണ് കരുതപ്പെടുന്നത്. ഇസ്രാഈല്‍ സേന വെടിവച്ചിട്ട ആളില്ലാ വിമാനം 2011 ല്‍ ഇറാന്‍ പിടിച്ചെടുത്ത ഡ്രോണിന് സമാനമാണ്. കൂടാതെ ‘ നൂതനവും പശ്ചാത്യ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതുമാണ്’ അവര്‍ വ്യക്തമാക്കി.

റഷ്യ – ഉക്രൈന്‍ യുദ്ധം

കഴിഞ്ഞ വര്‍ഷം ഇറാന്‍ നിര്‍മ്മിതമായ ഡ്രോണുകള്‍ ഉക്രെയ്ന്‍ അധിനിവേശത്തിനായി റഷ്യ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. ഈ ഡ്രോണുകള്‍ യു.എസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചവയാണ്. അതേസമയം തന്നെ റി എഞ്ചിനീയറിംഗ് നടത്തി കൂടുതല്‍ മെച്ചപ്പെടുത്തി പുനര്‍നിര്‍മ്മിച്ചവയും ആഭ്യന്തരമായി വന്‍ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ടവയുമായിരുന്നു.

ബി.ബി.സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉക്രെയ്ന്‍ ഗവണ്‍മെന്റും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളും പറയുന്നത്, 2022 ലെ ശരത്കാലം മുതല്‍ റഷ്യ സംഘര്‍ഷത്തില്‍ ഇറാന്‍ നിര്‍മ്മിത ഷഹെദ്-136 ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ്.

പക്ഷെ യുദ്ധത്തിന് മുമ്പാണ് തങ്ങള്‍ റഷ്യക്ക് കുറച്ച് ഡ്രോണുകള്‍ നല്‍കിയത് എന്നാണ് ഇറാന്റെ ഭാഷ്യം. എന്നാല്‍ ഗാര്‍ഡിയന്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്തത് റഷ്യ യുദ്ധത്തില്‍ ഉപയോഗിച്ച ഇറാന്‍ നിര്‍മ്മിത ഡ്രോണുകളില്‍ ചിലതെങ്കിലും ഫെബ്രുവരിയില്‍ മോസ്‌കോ അതിന്റെ അധിനിവേശം പൂര്‍ണ്ണമായ തോതില്‍ ആരംഭിച്ചതിന് ശേഷം വിതരണം ചെയ്യപ്പെട്ടതാകാമെന്നതിന് തെളിവുകള്‍ ഉക്രെയ്ന്‍ സൈന്യം നല്‍കിയിട്ടുണ്ട് എന്നാണ്.

ഉടന്‍ തന്നെ വാര്‍ത്താ മാധ്യമങ്ങള്‍ ഇറാന്‍ നിര്‍മ്മിത ഡ്രോണുകളുടെ ഉക്രെയ്‌നിലെ പ്രവര്‍ത്തന രീതിയെ യെമനിലെ യുദ്ധവുമായി ബന്ധപ്പെടുത്താന്‍ തുടങ്ങി. ”ഉക്രെയിനിലെ വൈദ്യുത വിതരണ ശ്യംഖലയെ തകര്‍ക്കാന്‍ റഷ്യ ഉപയോഗിച്ച തന്ത്രം പ്രധാനമായും വികസിപ്പിച്ചെടുത്തത് യെമനിലെ ഇറാന്റെ പ്രതിനിധികളാണ് ”എന്നായിരുന്നു നാഷണല്‍ ഇന്ററസ്റ്റിലെ’ ഒരു ലേഖനം അഭിപ്രായപ്പെട്ടത്.

2019 സെപ്റ്റംബറില്‍ സൗദി എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്റെ കരങ്ങള്‍ ആയിരിക്കാം എന്നതായിരുന്നു പ്രാധമിക നിഗമനം. പിന്നീട് അതിന്റ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തു.

”സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം സംസ്‌കരണ കേന്ദ്രത്തിന് നേരെയുള്ള സ്ഫോടനാത്മകമായ ഡ്രോണ്‍ ആക്രമണത്തിന് ഉത്തരവാദി ഇറാനാണ് എന്ന യു.എസ് ആരോപണം അവര്‍ (ഇറാന്‍) തള്ളിക്കളഞ്ഞു. ഇത് രാജ്യത്തെ എണ്ണ ഉല്‍പാദനത്തിന്റെ പകുതിയിലധികവും തടസ്സപ്പെടുത്തുകയും ആഗോള തലത്തില്‍ എണ്ണയുടെ വിതരണത്തെ ബാധിക്കുകയും ചെയ്തു. ‘ എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

2022ന്റെ അവസാനത്തോടെ ഇറാന്‍, സൈനിക സാമഗ്രികളുടെ ഒരു പ്രധാന വിതരണക്കാരന്‍ എന്ന നിലയില്‍ പൂര്‍ണ്ണമായും ആഗോള രംഗത്ത് നിലയുറപ്പിച്ചിരുന്നു. റോയിട്ടേഴ്സിന്റെ ഒക്ടോബറിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ‘ ഇറാന്‍ കൂടുതല്‍ ഡ്രോണുകള്‍ റഷ്യക്ക് നല്‍കാമെന്ന് ഏറ്റിട്ടുണ്ട്.

അതിനു പുറമെ ഭൂമിയില്‍ നിന്ന് ഭൂമിയിലേക്ക് തൊടുത്ത് വിടാവുന്ന ഒരു തരം മിസൈലുകളും കൂടി നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. ഈ നീക്കം യുദ്ധത്തില്‍ ഉക്രെയ്നെ പിന്തുണയ്ക്കുന്ന അമേരിക്കയെയും മറ്റ് പാശ്ചാത്യ ശക്തികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്’.

യെമനും ഉക്രെയ്‌നും മാത്രമായിരുന്നില്ല ഇറാന്‍ നിര്‍മ്മിത ഡ്രോണുകളുടെ പ്രവര്‍ത്തന മണ്ഡലം എന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ”ഇറാനും അതിന്റെ പിന്തുണയുള്ള പ്രാദേശിക ശക്തികളും സമീപകാലങ്ങളിലായി യെമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഡ്രോണുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ഇറാന്‍ തങ്ങളുടെ പ്രതിനിധികളിലൂടെ അതിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.’

ഗാരിസണ്‍ സ്റ്റേറ്റ് (സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യം)

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പകുതിയോടെ ഇറാനിലെ കുര്‍ദ് യുവതിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഭരണകൂടത്തിനെതിരെ വന്‍തോതില്‍ സാമൂഹ്യ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ഇത് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷാ വിഭാഗത്തെയും രഹസ്യാന്വേഷണ സംവിധാനത്തെയും അമ്പരപ്പിച്ചു.

ഭരണത്തിലിരുന്ന വരേണ്യവര്‍ഗം പ്രകടമായിത്തന്നെ പ്രദേശത്തിന്റെ ജിയോ പൊളിറ്റിക്‌സില്‍ മാത്രം ശ്രദ്ധയൂന്നിയപ്പോള്‍ ദരിദ്രവും തകര്‍ക്കപ്പെട്ടതുമായ ഒരു രാജ്യത്ത് അവര്‍ തങ്ങളുടെ ആഭ്യന്തര ഉത്തരവാദിത്തങ്ങള്‍ മറന്നു.

ഇപ്പോള്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അഥവാ പേര്‍ഷ്യന്‍ ഭാഷയില്‍ സെപാ എന്നറിയപ്പെടുന്നത് റോമന്‍ ചക്രവര്‍ത്തിമാരുടെ ചുറ്റുമുണ്ടായിരുന്ന പ്രെറ്റോറിയന്‍ സേനയെ അനുസ്മരിപ്പിക്കുന്ന വരേണ്യ സൈനിക-വ്യാവസായിക സമുച്ചയമാണ്.

പ്രാദേശികവും, സാമ്പത്തികവും, തന്ത്രപരവും, രഹസ്യാന്വേഷണപരവും, സുരക്ഷാപരവും, പ്രത്യയശാസ്ത്രപരവും, ഭൗമരാഷ്ട്രീയപരവുമായ കാര്യങ്ങളുള്‍പ്പെടെ ഏതാണ്ട് കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും അതിന്റെ നിയന്ത്രണത്തിലാണ്.

യെമന്‍ യുദ്ധത്തില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ തങ്ങളുടെ പരിമിതവും അതേസമയം സുപ്രധാനവുമായ സൈനിക വ്യാവസായ മേഖലയില്‍ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്നു. ഇതേസമയം തന്നെ ആഭ്യന്തരമായി ഒരു സാമൂഹിക പ്രക്ഷോഭത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ആഭ്യന്തര നിയമ വ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ വന്ന പരാജയത്തിന്റെ ഫലമാണ് ‘ഗാരിസണ്‍ സ്റ്റേറ്റ് ‘ (സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യം) എന്ന നിലയിലുള്ള അതിന്റെ ഉദയം.

പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ‘ഗാരിസണ്‍ സ്റ്റേറ്റ്’, ‘സൈനിക വ്യാവസായ സമുച്ചയം’ എന്നീ പദങ്ങളുടെ ഉല്‍പത്തി അമേരിക്കയിലാണ്. അവ അമേരിക്കയെക്കുറിച്ച് പരാമര്‍ശിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയുമായിരുന്നു.

1941 ല്‍ അമേരിക്കന്‍ സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഹരോള്‍ഡ് ലാസ്വെല്‍, 1961-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൈ്വറ്റ് ഐസന്‍ഹോവര്‍ എന്നിവരാണ് യഥാക്രമം ഈ വാക്കുകള്‍ നിര്‍മ്മിച്ചത്.

എന്നാല്‍ ഇപ്പോള്‍ ഈ രണ്ടു പദങ്ങളും മറ്റ് രാജ്യങ്ങളെ കൂടി വിളിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ഇസ്രാഈലിന് ഈ പേര് വളരെയധികം യോജിച്ചതാണ്. അക്ഷരാര്‍ത്ഥത്തില്‍ ഈ രാജ്യം ഒരു ‘ഗാരിസണ്‍ സ്റ്റേറ്റ്’ (സൈനിക രാജ്യം) ആണ്. സ്വയം ‘കാട്ടിനുള്ളിലെ വില്ലനായി’ കാണുന്ന പട്ടാള രാഷ്ട്രമാണിത്.

തീര്‍ച്ചയായും പ്രാദേശിക ആധിപത്യത്തിനായുള്ള യു.എസ്, ഇസ്രാഈല്‍, സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സുദീര്‍ഘമായ പരസ്പര മത്സരങ്ങള്‍ ഈ രാജ്യങ്ങളെയെല്ലാം ഫലത്തില്‍ സായുധ പോരാട്ടങ്ങള്‍ നടക്കുന്ന സൈനിക രാഷ്ട്രങ്ങളാക്കി (ഗാരിസണ്‍ സ്റ്റേറ്റ് ആക്കി) മാറ്റി. ഇവയെല്ലാം തങ്ങളുടെ സാമ്രാജ്യത്വ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

മേഖലയിലെ പ്രധാനപ്പെട്ട ഒരു സൈനിക സാമഗ്രി വിതരണക്കാര്‍ എന്ന നിലയിലേക്കുള്ള ഇറാനിന്റെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായകമായ ചില അപകട സാധ്യതകള്‍ ഉണ്ട്. ഒരു വിമര്‍ശകന്‍ സൂചിപ്പിച്ചത് പോലെ ‘അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഡ്രോണുകള്‍ വിതരണം ചെയ്യുന്നത് ഇറാന് കാര്യമായ നഷ്ടം വരുത്തിയെങ്കിലും അവരെ സംബന്ധിച്ചിടത്തോളം യുക്രെയ്ന്‍ പ്രതിസന്ധി ഒരു വലിയ ശക്തിയുമായി.

അതായത് റഷ്യയുമായി കൂടുതല്‍ തുല്യതയില്‍ അധിഷ്ഠിതമായ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള വഴി അത് പ്രദാനം ചെയ്തു. ഇറാനുമായി പുതുക്കപ്പെട്ട ആണവ കരാറില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ താല്‍പര്യക്കുറവിന് ആക്കം കൂട്ടുന്ന നടപടിയായിരുന്നു ഇത്. കൂടാതെ ഇത് യുക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന്റ മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനെ നിര്‍ബന്ധിതരാക്കി.

ഭരണകൂടങ്ങളുടെ സമാധാനപരമായ ഭരണത്തില്‍ നിന്നും സായുധ പോരാട്ടങ്ങള്‍ നടക്കുന്ന ഗാരിസണ്‍ സ്റ്റേറ്റുകള്‍ (സൈനിക രാഷ്ട്രങ്ങള്‍) എന്ന നിലയിലേക്കുള്ള അക്രമാസക്തമായ പരിവര്‍ത്തനമാണ് ഈ രാജ്യങ്ങളില്‍ നടന്നത്. സൈനിക-വ്യാവസായിക സമുച്ചയങ്ങളുടെ നേതൃത്വത്തില്‍ ചില രാജ്യങ്ങളില്‍ നടന്ന ഇത്തരം മാറ്റങ്ങള്‍ കാരണം അവ വിചിത്ര ശക്തികളായി അധഃപതിച്ചു. അതിനാല്‍ ലോകത്തെ സകല രാജ്യങ്ങളെയും തങ്ങളുടെ സൈനികത്താവളങ്ങളായി അവര്‍ കണക്കാക്കി.

ഇതിനെതിരില്‍ രാഷ്ട്രങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരു മുന്നറിയിപ്പാണ്. അതായത് പതിവ് കച്ചവട തന്ത്രങ്ങള്‍ ഇനി പ്രായോഗികമല്ല എന്നതിന്റെ സൂചന.

ഇസ്രാഈലിനെതിരെ ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങള്‍, സീസിയുടെ സൈനിക ഭരണകൂടത്തിനെതിരെ ഈജിപ്തുകാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍, ഇസ്‌ലാമിക് റിപ്പബ്ലിക്കിനെതിരായി ഇറാന്‍ ജനത നടത്തുന്ന പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഹമീദ് ദബാശി
ഇറാനിയന്‍ വംശജന്‍, ന്യൂയോര്‍ക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് കൊളോണിയല്‍ തിയറി, ലോക സിനിമ, സാഹിത്യം എന്നിവ പഠിപ്പിക്കുന്നു.