റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ രൂപീകരിച്ച സഖ്യസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അബഹ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. പ്രാഥമിക വിവരമനുസരിച്ച് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിവിലിയന്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിലെത്തുന്ന പൗരന്മാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനസര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ആക്രമണത്തെ കുറിച്ച് ഇതേവരെ ഹൂതി വിമതര്‍ പ്രതികരിച്ചിട്ടില്ല. 2014ല്‍ ഹൂതി വിമതര്‍ യെമന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2015ല്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ സൗദിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെ യെമനില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയായിരുന്നു.
ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2017ല്‍ എസ്.ടി.സി രൂപീകരിക്കുന്നത്. യു.എ.ഇ എസ്.ടി.സിക്ക് പിന്തുണയും നല്‍കിയിരുന്നു. നിലവില്‍ സൗദി പിന്തുണയുള്ള ഹാദി സര്‍ക്കാരിനും എസ്.ടി.സിക്കും യെമന്‍ സര്‍ക്കാരില്‍ പ്രതിനിധികളുണ്ട്.
അതുകൊണ്ട് തന്നെ ഇരു ഗ്രൂപ്പുകളും 2020 ഡിസംബര്‍ 18 ന് രൂപീകരിച്ച പുതിയ സര്‍ക്കാരില്‍ സംതൃപ്തരായിരുന്നു. അതേസമയം മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.