| Saturday, 9th October 2021, 6:53 pm

സൗദിയില്‍ വീണ്ടും ഡ്രോണാക്രമണം; 10 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഡ്രോണാക്രമണം. ജസാന്‍ നഗരത്തിലെ കിംഗ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളത്തിലാണ് ആക്രമണം നടന്നത്. യെമനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ആക്രമണം നടന്ന വിമാനത്താവളം.

ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് സൗദി പൗരന്മാര്‍, 3 ബംഗ്ലാദേശികള്‍ ഒരു സുഡാന്‍ പൗരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

വിമാനത്താവളത്തെ ലക്ഷ്യമാക്കിയുള്ള ആക്രമണം തന്നെയാണ് ശനിയാഴ്ച നടന്നതെന്ന് സൗദിയിലെ വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഈയിടെയായി സൗദിയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ യെമനിലെ ഹൂതി വിമതരാണ് നടത്തുന്നതെന്നാണ്് സൗദി ആരോപിക്കുന്നത്.

ബുധനാഴ്ച സൗദിയിലെ ആഭ വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ഡ്രോണാക്രമണം നടന്നിരുന്നു. നാല് തൊഴിലാളികള്‍ക്കാണ് ആക്രമണത്തില്‍ പറിക്കേറ്റത്.

ആഗസ്റ്റ് 31നും ഇതേ വിമാനത്താവളത്തില്‍ ഡ്രോണാക്രമണം നടന്നിരുന്നു. സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ ആഭ വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു വിമാനത്തിന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Drone attacks target Saudi airport in Jazan

We use cookies to give you the best possible experience. Learn more