മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്‌കോക്ക് നേരെ അജ്ഞാത ഡ്രോണ്‍ ആക്രമണം. 25ഓളം ഡ്രോണുകളാണ് റഷ്യന്‍ തലസ്ഥാന നഗരത്തിന് ചുറ്റും പറന്ന് നടന്നത്. സംഭവത്തിന് പിന്നാലെ റഷ്യന്‍ സേന ഇവയില്‍ ഭൂരിഭാഗവും വെടിവെച്ചിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണുകളായിരുന്നു ഇതെല്ലാം. അതേസമയം, ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി മോസ്‌കോ മേയറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് നഗരവാസികള്‍ക്ക് പരിക്കേറ്റതായി മേയര്‍ സെര്‍ജി സോബ്യാനിന്‍ പറഞ്ഞു. ഏതാനും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം, ആക്രമണ ശ്രമത്തിന് ശേഷം മോസ്‌കോ നഗരം സാധാരണ നിലയിലാണ് മുന്നോട്ടുപോകുന്നത്. പ്രതിരോധ മന്ത്രാലയവും റഷ്യന്‍ വ്യോമസേനയും ഫലപ്രദമായി ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി റഷ്യന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു.
ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉക്രൈന്‍ ആണെന്നും റഷ്യ ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ഉക്രൈനിന്റെ നിലപാട്.
ഉക്രൈന്‍ നഗരമായ കീവിന് നേരെയും ഇന്ന് മുപ്പതോളം ഡ്രോണുകളുടെ നേതൃത്വത്തില്‍ ആക്രമണം ഉണ്ടായെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ഡ്രോണുകളും വെടിവെച്ചിട്ടെന്ന് ഉക്രൈന്‍ സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു. നഗരത്തിലെ വി.ഐ.പികളെ ലക്ഷ്യമിട്ടാണ് പുതിയ രീതിയിലുള്ള ആക്രമണമെന്നാണ് സൂചന.
Content Highlights: drone attack in mosco and kyiv, shot down drones