[] ന്യൂദല്‍ഹി:രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളി തുഴച്ചില്‍ പരിശീലകന്‍ ജോസ് ജേക്കബിന്.സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ തുഴച്ചില്‍ പരിശീലകനാണ് ജോസ് ജേക്കബ്. അഞ്ചു ലക്ഷം രൂപയും വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജോസ് ജേക്കബിന്റെ ശിഷ്യന്‍മാര്‍ ഇരുപതോളം രാജ്യന്തരമെഡലുകള്‍ ഇന്ത്യക്കായി നേടിയിട്ടുണ്ട്. റോവിങ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയാണ് ജോസ് ജേക്കബ്ബിനെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. 14 വര്‍ഷമായി റോവിങ് ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചു വരുന്ന ജോസ് ജേക്കബിന്റെ കീഴില്‍ 13 തവണ ഒഡീഷ ദേശീയ ചാമ്പ്യന്മാരായിരുന്നു. ഇന്ത്യന്‍ വനിതാ ടീമിന്റെ ചീഫ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുരസ്‌കാരം ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജോസ് ജേക്കബ് പ്രതികരിച്ചു.
കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ജോസ് ജേക്കബ്. റോവിങ് ഫെഡറേഷന്റെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മലയാളിയായ തോമസ് മാഷിനായിരുന്നു ദ്രോണാചാര്യ പുരസ്‌കാരം.