കെ.കെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ; ഡോ.എം ലീലാവതി
Kerala News
കെ.കെ ശൈലജയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ; ഡോ.എം ലീലാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th July 2018, 1:43 pm

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ എന്നെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോയെന്ന് നിരൂപകയും അധ്യാപികയുമായ ഡോ. എം ലീലാവതി.

അങ്ങനെ മുഖ്യമന്ത്രിയായി ശൈലജ വിലസുന്ന കാലഘട്ടം തന്റെ ജീവിതത്തില്‍ ഒരിക്കലും തനിക്ക് കാണാന്‍ പറ്റില്ലെന്ന് തീര്‍ച്ചയാണെന്നും എങ്കിലും അതുണ്ടാകട്ടെയെന്ന് താന്‍ ആശംസിക്കുന്നതായും ലീലാവതി മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ഗൗരിയമ്മ മുഖ്യമന്ത്രിയാകാന്‍ പോകുകയാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഒരിക്കല്‍ പ്രഖ്യാപനമുണ്ടായി. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആ പ്രചാരണം കമ്യൂണിസ്റ്റുകള്‍ മറന്നു. കമ്യൂണിസ്റ്റുകള്‍ക്ക് പ്രധാന്യമുള്ള സദസ്സാണ് ഇത് എന്നുള്ളതുകൊണ്ടുകൂടിയാണ് ഞാന്‍ ഇത് പറയുന്നത്. സ്ത്രീയെ അംഗീകരിക്കാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറല്ല എന്നതാണ് സത്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കൊടുക്കുന്നില്ലെന്നും കമ്യൂണിസ്റ്റുപാര്‍ട്ടിയിലെ അംഗങ്ങള്‍ ഭൂരിപക്ഷവും ഇപ്പോഴും പുരുഷന്‍മാര്‍ തന്നെയായിരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ലീലാവതി പറയുന്നു.

കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയില്‍ എത്ര സ്ത്രീകളുണ്ട് എന്നെണ്ണി നോക്കുക. എണ്ണം ആനുപാതികമല്ല. സ്ത്രീകളുടെ സമത്വത്തെ കുറിച്ച് വാചാലമായി എക്കാലത്തും ഉദ്‌ഘോഷിച്ച് പോന്നിട്ടുള്ള ഒരു പാര്‍ട്ടിയുടെ കാര്യത്തില്‍ പോലും സ്ത്രീ അവഗണിക്കപ്പെടുക തന്നെ ചെയ്യുന്നെന്നും ലീലാവതി പറയുന്നു.


അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് സര്‍ക്കാര്‍; അങ്ങനെ കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി


“കേരളത്തില്‍ ഒരു സ്ത്രീ മുഖ്യമന്ത്രിയായി വരണം. എങ്കില്‍ നമുക്കംഗീകരിക്കാം കേരളത്തിലെ സ്ത്രീകളുടെ പ്രബുദ്ധത. പുരുഷന്മാര്‍ അവരെ അംഗീകരിക്കുന്നതിന് അപ്പോള്‍ മാത്രമേ തെളിവ് കിട്ടുള്ളൂ. അത് വരെ അത് പറച്ചില്‍ മാത്രമാണ്. തെളിവ് കിട്ടണമെങ്കില്‍ ഒരു മുഖ്യസ്ഥാനത്ത് സ്ത്രീ പ്രതിഷ്ഠിതയാകണം. പ്രതിഷ്ഠിക്കുന്നതുവരെ കേരളത്തിലെ പുരുഷന്‍മാര്‍ സ്ത്രീകളെ തങ്ങള്‍ക്ക് തുല്യരായി അംഗീകരിച്ചിരുന്നു എന്ന് പറഞ്ഞതുകൊണ്ടായില്ല. പറച്ചില്‍ ശരിയാകണമെങ്കില്‍ അത്തരത്തിലുള്ള സ്ഥാനങ്ങളില്‍ അത്തരത്തിലുള്ള സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വന്നുചേരണം. അങ്ങനെ വേണമെന്നുള്ള ബോധം സ്ത്രീകള്‍ക്കുമുണ്ടാകണം”.- ലീലാവതി പറയുന്നു.

33 ശതമാനമല്ല 50 ശതമാനം സംവരണം ലഭിക്കേണ്ടവരാണ് സ്ത്രീകളെന്നും അത് സംവരണമായല്ല അവകാശമായി ലഭിക്കേണ്ടതാണെന്നും ലീലാവതി പറയുന്നു. “തെരഞ്ഞെടുക്കപ്പെടുന്നവരില്‍ 50 ശതമാനം പേര്‍ സ്ത്രീകളായിരിക്കണം എന്ന് നിഷ്‌കര്‍ഷ ബില്ല് പാസ്സായില്ലെങ്കിലും ഓരോ പാര്‍ട്ടിക്കും നിശ്ചയിക്കാമല്ലോ. 50 ശതമാനം സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് തീരുമാനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഒരു ബില്ലിന്റേയും ആവശ്യമില്ല. വില്ല് മതി. ഒരു ബില്ലും വേണ്ട. ബില്ലുണ്ടാകുന്നില്ലെന്നത് പോട്ടെ, വില്ലുണ്ടാകുന്നില്ല, അതായത് ദൃഢനിശ്ചയം ഉണ്ടാകുന്നില്ല.


ലോകകപ്പ് ഫൈനലില്‍ ഗ്രൗണ്ടിലേക്ക് ഓടിയ “പുസ്സി റയറ്റ്” അംഗങ്ങളെ ജയിലിലടച്ചു


സ്ത്രീകള്‍ ഇപ്പോഴും അനുസരണയുള്ള പാവങ്ങളായി പൂച്ചകളെപ്പോലെ വിധേയരായി, നില്‍ക്കുകയാണ്. നായ്ക്കളെപ്പോലെയല്ല. അത് വല്ലപ്പോഴും കുരയ്ക്കുകയെങ്കിലും ചെയ്യും.

പുരുഷന്‍മാരെ എതിര്‍ക്കണമെന്നാണ് താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്ന് തെറ്റിദ്ധരിക്കരുതെന്നും അങ്ങനെയല്ലെന്നും ലീലാവതി പറയുന്നു.” എന്നെ ഫെമിനിസ്റ്റായിട്ട് ഔദ്യോഗിക ഫെമിനിസ്റ്റുകള്‍ അംഗീകരിച്ചിട്ടുമില്ല. പുരുഷന്‍മാരെ ധിക്കരിക്കലല്ല ഫെമിനിസത്തിന്റെ ലക്ഷണം എന്ന് ഞാന്‍ പറയാറുണ്ട്. സ്ത്രീകള്‍ക്ക് അവരുടേതായ അവകാശമുണ്ട് എന്ന് അംഗീകരിക്കണമെന്ന ബോധം പുരുഷന്‍മാരില്‍ ഉണ്ടാവണമെന്നാണ് ഞാന്‍ പറയുന്നത്. പുരുഷന്‍മാരില്‍ 75 ശതമാനവും സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. സ്‌നേഹവും ബഹുമാനവുമൊക്കെയുണ്ട്. പക്ഷേ അവര്‍ക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ട കാര്യം വരുമ്പോഴാണ് ഈ വലിവ് വരുന്നത്. സമത്വമോ തുല്യതയോ അംഗീകരിക്കില്ല. അത് മനപൂര്‍വമല്ല, അത് ശീലമായി തീര്‍ന്നതാണ്. അങ്ങനെയുള്ള അവസ്ഥയില്‍ നിന്ന് സ്ത്രീ മോചനം നേടണം. അതിനുള്ള അവബോധമുണ്ടാകണം”- ഡോ.എം ലീലാവതി പറയുന്നു.