മഫ്ത ധരിച്ച ഫോട്ടോയുടെ പേരില്‍ കൊണ്ടോട്ടി സ്വദേശിയുടെ ലൈസന്‍സ് അപേക്ഷ തള്ളിയതായി പരാതി
Daily News
മഫ്ത ധരിച്ച ഫോട്ടോയുടെ പേരില്‍ കൊണ്ടോട്ടി സ്വദേശിയുടെ ലൈസന്‍സ് അപേക്ഷ തള്ളിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2017, 9:58 am

maftha
മലപ്പുറം: മഫ്ത ധരിച്ച ഫോട്ടോയുടെ പേരില്‍ കൊണ്ടോട്ടി സ്വദേശിയുടെ ലൈസന്‍സ് അപേക്ഷ ഉദ്യോഗസ്ഥര്‍ തള്ളിയതായി പരാതി. കൊണ്ടോട്ടി സ്വദേശിയായ അഡ്വ. ത്വഹാനിയുടെ അപേക്ഷയാണ് മലപ്പുറം ആര്‍.ടി.ഒ ഓഫീസിലെ എ.വി.ഐ നിരസിച്ചത്.

അപേക്ഷയിലെ ഫോട്ടോയില്‍ ചെവി കാണുന്നില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ അതിനു തയ്യാറായില്ലെന്ന് ത്വഹാനിയെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.

നിരവധി മുസ്‌ലിം സ്ത്രീകള്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. മഫ്തയിട്ട ഫോട്ടോ പതിച്ചവരെല്ലാം ചെവി കാണിച്ചുള്ള ഫോട്ടോ എടുക്കാന്‍ വീണ്ടും സ്റ്റുഡിയോയിലേക്ക് പോകേണ്ട അവസ്ഥയാണെന്നും അവര്‍ പറയുന്നു.


Must Read:അലന്‍സിയറിന് പിന്തുണയറിയിച്ച ചാക്കോച്ചന്‍ സംഘി ആക്രമണത്തെ തുടര്‍ന്ന് പോസ്റ്റ് മുക്കി: പോസ്റ്റ് മയപ്പെടുത്തി തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ


ഫോട്ടോയില്‍ ചെവി കാണിക്കല്‍ നിര്‍ബന്ധമാണെന്ന് നിയമമില്ലെന്നിരിക്കെയാണ് ചില ഉദ്യോഗസ്ഥര്‍ ഈ കാരണം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുന്നത്. ഇതിനും മുമ്പും പലരുടെയും ലൈസന്‍സ് അപേക്ഷകള്‍ ഇക്കാരണം പറഞ്ഞ് തള്ളിയതായും റിപ്പോര്‍ട്ടുണ്ട്.

മുഖം വ്യക്തമായി കാണാന്‍ ചെവിയും ഉള്‍പ്പെടുത്തി ഫോട്ടോ എടുക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ പറയുന്നില്ലെന്നാണ് മലപ്പുറം ആര്‍.ടി.ഒ കെ.എം. ഷാജി പറയുന്നത്. സൈസ് ഫോട്ടോ വേണമെന്ന് മാത്രമേ നിയമത്തില്‍ പറയുന്നുള്ളൂ.

എന്നാല്‍ മുഖം വ്യക്തമാകാന്‍ ചെവി ഉള്‍പ്പെടെ കാണേണ്ടതുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ വിവേചനാധികാരമനുസരിച്ചാണ് ഇപ്പോള്‍ തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നത് കാലമായുള്ള ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.


Don”t Miss:ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സെക്രട്ടേറിയേറ്റിനു ചുറ്റും അള്ളാഹു അക്ബര്‍ എന്നു വിളിച്ച് ഓടി നടന്നു പ്രതിഷേധിച്ച അലന്‍സിയര്‍