കൊച്ചി: അത്യാസന്ന നിലയിലായ നവജാതശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ താന്‍ പൈലറ്റ് പോയതാണെന്ന് വാഹന ഉടമയുടെ മൊഴി. മറ്റുവാഹനങ്ങള്‍ ആംബുലന്‍സിനു മുമ്പില്‍ തടസമാകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
ആംബുലന്‍സിന് വഴി നല്‍കാതെ വാഹനമോടിച്ച സംഭവത്തില്‍ ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസ് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ കെ.എല്‍. 17 എല്‍ 202 എന്ന നമ്പറിലുള്ള എക്കോ സ്പോര്‍ട്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൈലറ്റ് പോയതാണെന്ന വിചിത്രവാദവുമായി രംഗത്തുവന്നത്.
അതിനിടെ, അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് നിര്‍ദ്ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ സി.എസ് അയ്യപ്പന്‍ വ്യക്താക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ശ്വാസതടസം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സിന് വഴി മാറി നല്‍കാതെ ഇയാള്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ പെരുമ്പാവൂരില്‍ നിന്നും 15ിനുറ്റു കൊണ്ട് കളമശ്ശേരിയിലെ ആശുപത്രിയിലെത്തേണ്ട ആംബുലന്‍സ് എത്തിയത് 35 മിനുറ്റു കൊണ്ടാണ്.
സംഭവ സമയം ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്സുമുണ്ടായിരുന്നു. വഴി നല്‍കാതെ പോകുന്ന കാറിന്റെ ദൃശ്യങ്ങള്‍ ആംബുലന്‍സിലുണ്ടായിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുകയായിരുന്നു. ഇതിനേ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തത്.