| Tuesday, 19th December 2017, 7:10 pm

ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന ദല്‍ഹി മെട്രോ പരീക്ഷണ ഓട്ടത്തിനിടെ പാളംതെറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന ദല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ പാളം തെറ്റി. കല്‍ക്കാജി മന്ദിര്‍ – ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ ഉദ്ഘാടനത്തിനൊരുങ്ങവെയാണ് പരീക്ഷണത്തിനിടെ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ സമീപത്തെ ഭിത്തിയിലിടിച്ചാണ് നിന്നത്.

ഡ്രൈവര്‍ വേണ്ടാത്ത തീവണ്ടിയുടെ പുതിയ കോച്ചുകളുടെ പരീക്ഷണ ഓട്ടമാണ് കല്‍ക്കാജി മന്ദിര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈനില്‍ നടന്നത്. ട്രെയിന്‍ കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോയ്ക്കുള്ളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.

ട്രെയിനിലെ സ്വയം പ്രവര്‍ത്തിക്കുന്ന ബ്രേംക്കിംഗ് സംവിധാനത്തില്‍ വന്ന തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ രണ്ട് ബോഗികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി ദല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ – ജനക്പുരി വെസ്റ്റ് മെട്രോ പാതയ്ക്ക് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ അഞ്ചിനും മജന്ത ലൈനിലെ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ തീവണ്ടികള്‍ അപകടത്തില്‍പ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more