ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിനും സ്‌കൂള്‍ബസും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബസ്സിലുണ്ടായിരുന്ന കുട്ടിയുടെ മൊഴി.
ലെവല്‍ ക്രോസില്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് അപകടം തിരിച്ചറിഞ്ഞതോടെ വാഹനം നിര്‍ത്താനായി ഡ്രൈവറോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ആ അങ്കിള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് ഒന്‍പത് വയസുകാരനായ കുട്ടിയുടെ മൊഴി.
“”ഞങ്ങള്‍ കുട്ടികളെല്ലാവരും കൂടി അങ്കിള്‍, വണ്ടി നിര്‍ത്തൂവെന്ന് ഉച്ചത്തില്‍ പറഞ്ഞു. പക്ഷേ അദ്ദേഹം കേട്ടില്ല. അദ്ദേഹം ഫോണില്‍ ആരോടോ സംസാരിക്കുന്ന തിരക്കിലായിരുന്നു. – കൃഷ്ണ വര്‍മ എന്ന കുട്ടിയുടെ മൊഴിയാണ് ഇത്. അപകടത്തില്‍ കൃഷ്ണ വര്‍മയുടെ കാലിനാണ് പരിക്കേറ്റത്. കൃഷ്ണയുടെ സഹോദരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇരുവരും ബി.ആര്‍.ഡി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Dont Miss വാട്‌സാപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നും തലയ്ക്കാണ് പരിക്കേറ്റതെന്നും ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഗണേഷ് കുമാര്‍ പറഞ്ഞു.
അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളുടെ അവസ്ഥയും ഗുരുതരമാണെന്ന് ഡോക്ടര്‍ പറയുന്നു.
വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെ ചില സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ലെവല്‍ ക്രോസില്‍ വാഹനം എത്തുന്നതിന് മുന്‍പ് തന്നെ ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നെന്നും എന്നാല്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ അയാള്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴി.
ഡിവൈന്‍ പബ്ലിക് സ്‌കുളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികളടക്കം 25 പേരുണ്ടായിരുന്നു. കുട്ടികളില്‍ ഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരാണ്.