| Friday, 31st August 2012, 11:36 am

ടാങ്കര്‍ ലോറി അപകടം: ഡ്രൈവര്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ കണ്ണയ്യന്‍ കീഴടങ്ങി. കണ്ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.

തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞത്. ലോറി മറിഞ്ഞശേഷം പരിസരവാസികള്‍ക്ക് സ്‌ഫോടന മുന്നറിയിപ്പ് നല്‍കിയശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.[]

തമിഴ്‌നാട് സേലം സ്വദേശിയാണ് ഇയാള്‍. അപകടം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഇയാളുടെ മൊഴിയെടുക്കേണ്ടതുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം ഇയാളുടെ സ്വദേശത്തും പരിസരത്തും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കണ്ണയ്യന്‍ കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഡി.വൈ.എസ്.പി പി. സുകുമാരന്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.

ലോറിയില്‍ നിന്നും കണ്ടെടുത്ത ബാഗില്‍ നിന്നാണ് ഇയാളുടെ പേരും മറ്റും പോലീസ് മനസ്സിലാക്കിയത്.

കണ്ണയ്യന്‍ കീഴടങ്ങിയതോടെ അപകടത്തിന്റെ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അപകടത്തെത്തുടര്‍ന്ന് ലോറിയില്‍ നിന്നും വാതകം ചോര്‍ന്ന് പൊട്ടിത്തെറിയുണ്ടായി 10 പേര്‍ മരിച്ചിരുന്നു. 12 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

We use cookies to give you the best possible experience. Learn more