| Friday, 9th November 2018, 12:17 am

നെയ്യാറ്റിന്‍കര കൊലപാതകം: സനല്‍ പെട്ടെന്ന് മുന്നിലേക്ക് വന്ന് വീഴുകയായിരുന്നുവെന്ന് വാഹനത്തിന്റെ ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സനലിനെ ഇടിച്ച വാഹനത്തിന്റെ ഉടമ . സനല്‍ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു. ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ലെന്നും ഡ്രൈവര്‍് പറഞ്ഞു.

“ഞാന്‍ പടങ്ങാവിളയിലേക്ക് വരികയായിരുന്നു. ഹംപ് അടുപ്പിച്ച് എത്തുന്നതിന് മുമ്പായി പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് എന്തോ വന്ന് വീണു. റിയാക്ട് ചെയ്യുന്നതിനുള്ള സമയം പോലും ലഭിച്ചില്ല. അതിനുമുമ്പ് തന്നെ സംഭവിച്ചു. ഇതുകണ്ടുകൊണ്ട് വണ്ടി നിര്‍ത്തി. അപ്പോഴാണ് അറിയുന്നത് ഒരു മനുഷ്യനായിരുന്നുവെന്ന്. പെട്ടെന്ന് തന്നെ വണ്ടി അവിടെ ചവിട്ടി നിര്‍ത്തി. ഒരുപക്ഷേ ചവിട്ടിനിര്‍ത്തിയതുകൊണ്ടാകണം വണ്ടി അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല.

അപ്പോ തന്നെ ഇറങ്ങിനോക്കി, പുള്ളിക്കാരന് എങ്ങനെയുണ്ടെന്ന്. ശ്വാസമുണ്ടായിരുന്നു. വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കിനിര്‍ത്തിയശേഷം, അടുത്തുനിന്നവരോട് ആംബുലന്‍സ് വിളിക്കണമെന്ന് പറഞ്ഞു. അതിനിടയില്‍ ഒരു ചേട്ടന്‍ ആംബുലന്‍സ് വിളിച്ചു. അവരോട് ചോദിച്ചപ്പോള്‍ ആംബുലന്‍സ് ഇപ്പോ എത്തുമെന്ന് പറഞ്ഞു. അല്‍പനേരത്തിനുള്ളില്‍ പൊലീസ് വന്നു. അതിനിടയില്‍ വലിയൊരു ആള്‍ക്കൂട്ടമായി. അവര്‍ അവിടെനിന്ന് നോക്കി, എന്താ സംഭവമെന്ന്. പൊലീസുകാര്‍ അടുത്തുവന്ന് ആരാണ് വണ്ടി ഓടിച്ചതെന്ന് ചോദിച്ചു. മറ്റൊരാള്‍ വന്നു എന്റെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്ന്, വണ്ടിയിടിച്ചുകിടന്നയാളെ കയറ്റിക്കൊണ്ടുപോയി”.  ഡ്രൈവര് പറഞ്ഞതായി  ന്യൂസ് എയിറ്റീന് റിപ്പോര്ട്ട് ചെയ്തു.

Also Read:  നാഥനില്ലാ പരാതിക്ക് മറുപടിയില്ല: പി.കെ ശശിക്കെതിരായി യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തിനു നല്കിയ പരാതിയെ കുറിച്ച് മന്ത്രി എ.കെ ബാലന്‍

അതേ സമയം സനല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്.പി പറഞ്ഞു. കൃത്യം നടത്തിയതിനു ശേഷം പ്രതി ഹരികൂമാര്‍ രക്ഷപ്പെട്ടതില്‍ തനിക്കു പങ്കില്ലെന്നും എസ്.പി വ്യക്തമാക്കി.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണെന്ന്തിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് സനലിനെ രക്ഷിക്കാമായിരുന്ന വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയതെന്നാണ് പൊലീസിന്റെ പക്ഷം.

കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി ഡി.വൈ.എസ്.പി കൊലപ്പെടുത്തിയത്. കൊടങ്ങാവിളയില്‍ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്.

Also Read:  ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡി.വൈ.എസ്.പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.

വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡി.വൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡി.വൈ.എസ്.പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.സംഭവത്തില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

We use cookies to give you the best possible experience. Learn more