മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മോഹനന്‍ നായര്‍. മോഹന്‍ലാലിനെ കുഞ്ഞുന്നാള്‍ മുതല്‍ അറിയാവുന്ന മോഹനന്‍ അദ്ദേഹം തിരുമ്മല്‍ ചികിത്സക്ക് പോയപ്പോള്‍ മമ്മൂട്ടി കാണാന്‍ വന്ന അനുഭവവും പങ്കുവെച്ചു. മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ യാതൊരു ഈഗോയുമില്ലെന്നും ഇരുവരും തമ്മില്‍ നല്ല സ്‌നേഹത്തിലാണെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹനന്‍ നായര്‍ പറഞ്ഞു.
‘മോഹന്‍ലാലിന് അന്ന് തിരുമ്മലുണ്ടായിരുന്നു. 12 ദിവസം ആരും തൊടാന്‍ പാടില്ല. ആരേയും കാണാനും പാടില്ല. മമ്മൂട്ടി ഒരു ദിവസം കാണാന്‍ വന്നു. അദ്ദേഹം അകത്തേക്ക് കയറി. കാണാനും തൊടാനുമൊക്കൂല്ല എന്ന് എനിക്ക് പറയാനൊക്കുമോ. ഞാനങ്ങനങ്ങ് നിന്ന് പോയി.
മമ്മൂട്ടി അകത്ത് കയറി ലാലിനെ പിടിച്ചു. ഞാന്‍ പോയി കാര്യം പറഞ്ഞു. ദേഹത്ത് പിടിക്കാനാവില്ല എന്ന് പറഞ്ഞു. കാരണം കംപ്ലീറ്റ് മര്‍മവഴിയാണ്. ബാക്കിയുള്ളവരുടെ വിരല്‍ ഇത്തിരി ശരീരത്തില്‍ താഴ്ന്നാല്‍ പ്രശ്‌നമാണ്. ഞാന്‍ അദ്ദേഹത്തെ പറഞ്ഞുമനസിലാക്കി. കുഴപ്പമില്ല, ഞാന്‍ ബലം പിടിച്ചിട്ടില്ല, ലാലിന് വേദനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി കുറച്ച് പരുക്കനാണ് എന്ന് പറയുമെങ്കിലും ഉള്ളില്‍ സ്‌നേഹമുണ്ട്. പക്ഷേ മോഹന്‍ലാല്‍ അത്ര പരുക്കനല്ല. അവര്‍ തമ്മില്‍ ഭയങ്കര സ്‌നേഹമാണ് അങ്ങോട്ടും ഇങ്ങോട്ടും. മമ്മൂട്ടി തങ്കം പിടിച്ച മനുഷ്യനാണ്. എനിക്ക് വലിയ ബഹുമാനമാണ്. ഞാന്‍ മമ്മൂട്ടിയുടെ വണ്ടിയില്‍ കയറിയിട്ടുണ്ട്. നീറ്റായിട്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത്.
പണ്ട് മോഹന്‍ലാലിന് ആരാധികമാരുടെ കത്തുകളൊക്കെ വരുമായിരുന്നു. ചിലതൊക്കെ വായിച്ചിട്ട് മോഹനന്‍ ചേട്ടാ മഹാനാശമായി എന്ന് ലാല്‍ പറയും. അമ്മയെ ഒന്നും അറിയിക്കേണ്ട, നൈസായി മാറ്റിക്കളയാം എന്ന് ഞാന്‍ പറയും. മോഹന്‍ലാലിന് വേണ്ടി ചാകാന്‍ നടക്കുന്ന പെണ്ണുങ്ങള്‍ ഇപ്പോഴുമുണ്ട്,’ മോഹനന്‍ നായര്‍ പറഞ്ഞു.
Content Highlight: driver Mohann Nair shares his experiences with Mohanlal