ചണ്ഡീഗഡ്: ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ അർമാൻ ഖാന് മര്‍ദനം. പശുവിനെ കടത്തിയെന്ന് ആരോപിച്ച് അര്‍മാന്‍ ഖാനെ ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയായിരുന്നു. ഡിസംബര്‍ 18നായിരുന്നു സംഭവം.
ഹരിയാനയിലെ നുഹ് ഏരിയയിലാണ് ഹിന്ദുത്വവാദികളുടെ അതിക്രമം. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം.
പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്നും പറഞ്ഞാണ് ഹിന്ദുത്വവാദികള്‍ ഡ്രൈവറെ ആക്രമിച്ചത്. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് ഉരുവിടാനും ഡ്രൈവറെ അക്രമികള്‍ നിര്‍ബന്ധിച്ചു.
തുടര്‍ന്ന് അര്‍മാനെ സംഘം ചേര്‍ന്ന് അക്രമികള്‍ അടിക്കുകയും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുകയുമായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡ്രൈവറെ ചോദ്യം ചെയ്യുന്നതിന്റെയും മുട്ടുകുത്തി നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് കുടിയേറ്റ തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്ന സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു. ബംഗാളില്‍ നിന്ന് കുടിയേറിയ തൊഴിലാളിയെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം അടിച്ച് കൊല്ലുകയായിരുന്നു.
സംഭവത്തില്‍, ഇത് ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ഹരിയാന അസംബ്ലി കര്‍ശനമായ പശു സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നുമാണ് സൈനി പറഞ്ഞത്. ഇത്തരം നിയമങ്ങള്‍ ഉള്ളതിനാല്‍ ഇത് ആള്‍ക്കൂട്ട കൊലപാതകമായി കണക്കാക്കാന്‍ പറ്റില്ലെന്നായിരുന്നു നയാബിന്റെ വാദം.
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വ്യാപകമായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
95 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നത്. അടുത്തിടെ അസമില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സമ്പൂര്‍ണമായി ബീഫ് നിരോധിച്ചിരുന്നു. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചായിരുന്നു തീരുമാനം.
2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദു, ജൈന, സിഖ് എന്നീ മതങ്ങളുടെ പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്തായി പശുക്കളെ കശാപ്പ് ചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു.
നിയമം ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. എന്നാല്‍ അസമില്‍ ഉള്‍പ്പെടെ ഗോസംരക്ഷണത്തിന്റെ പേരില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്.
Content Highlight: Driver beaten up for holding bull in Haryana