ദൃശ്യത്തിലെ ആ റോള്‍ കരിയറില്‍ നല്ലതായോ അതോ ദോഷമോ?; 'വരുണ്‍ പ്രഭാകര്‍' പറയുന്നു
Malayalam Cinema
ദൃശ്യത്തിലെ ആ റോള്‍ കരിയറില്‍ നല്ലതായോ അതോ ദോഷമോ?; 'വരുണ്‍ പ്രഭാകര്‍' പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th July 2020, 8:33 pm

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം റിലീസ് ആയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ ജീതു ജോസഫ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദൃശ്യത്തിന്റെ പല വിശേഷങ്ങളും വാര്‍ത്തയായിരുന്നു. ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്ന് തുറന്നുപറയുകയാണ് യുവ നടന്‍ റോഷന്‍ ബഷീര്‍.

‘വരുണ്‍ ആയിട്ടാണ് ആളുകള്‍ എന്നെ ഇപ്പോഴും തിരിച്ചറിയുന്നത്. അന്ന് സിനിമയില്‍ അഭിനയിച്ചതിലേറെ കാഴ്ചയില്‍ തന്നെ എനിക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട് .പക്ഷേ, ദൃശ്യത്തിലെ വില്ലനായിട്ടാണ് എല്ലാവരും എന്നെ ഇപ്പോഴും കാണുന്നത്. നെഗറ്റീവ് കഥാപാത്രമായതില്‍ പ്രേക്ഷകരില്‍നിന്നുള്ള പ്രതികരണം ആദ്യമൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പക്ഷേ, ഇപ്പോഴത് പ്രശ്‌നമല്ലാതെയായി. ഒരു ഹിറ്റ് സിനിമയുടെ പേരില്‍ അറിയപ്പെടുന്നതും വലിയ കാര്യമാണ്’, റോഷന്‍ പറഞ്ഞു.

സിനിമ പുറത്തിറങ്ങിയതിന് ശേഷം തന്നോട് പലരും എങ്ങനെയാണ് ഇത്രത്തോളം നിഷ്‌കരുണം പ്രവര്‍ത്തിച്ചത് എന്ന് ചോദിക്കാറുണ്ടായിരുന്നെന്നും റോഷന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, കമല്‍ ഹാസന്‍, വിജയ് എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ചും റോഷന്‍ പങ്കുവെച്ചു. ‘അവര്‍ കഠിനാധ്വാനികളും ജോലിയില്‍ സമ്പൂര്‍ണ അര്‍പ്പണ ബോധമുള്ളവരുമാണ്. അവര്‍ സിനിമയിലേക്ക് കാലെടുത്തവെച്ച കാലത്തെക്കുറിച്ച് സങ്കല്‍പിച്ച് നോക്കൂ, നമ്മുടെ കാലത്തെ അപേക്ഷിച്ച് പ്രചാരം നേടുന്നതിനോ ആളുകളുടെ സ്‌നേഹം നേടുന്നതിനോ വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, അവരത് നേടി. അന്നുമിന്നും പ്രസക്തരായി തുടരുകയും സമകാലികര്‍ക്ക് കടുത്ത മത്സരം നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍ പോലും മറ്റ് താരങ്ങള്‍ എത്തുന്നതിന് പത്തുമിനുട്ട് മുമ്പെങ്കിലും അവര്‍ ലൊക്കേഷനില്‍ എത്തിച്ചേരും. അവരുടെ അര്‍പ്പണബോധമാണ് എന്നെ സിനിമയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഞാന്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അതാണ് എനിക്ക് മുന്നോട്ടു പോകാനുള്ള പ്രചോദനവും’, റോഷന്‍ വ്യക്തമാക്കി.

ദൃശ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നതിനെക്കുറിച്ച് സംവിധാനയകന്‍ ജീതു ജോസഫിന്റെ പ്രഖ്യാപനത്തെ മറ്റ് ആരാധകരെപ്പോലെ താനും ആവേശത്തോടെയാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ വരുണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും റോഷന്‍ തന്നെയാണ്. ദൃശ്യത്തിന് ശേഷം മലയാള സിനിമയില്‍ റോഷന്‍ അഭിനയിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ