|

ജോർജ് കുട്ടിയുടെ മൂന്നാം വരവ്, ഒന്നും അവസാനിച്ചിട്ടില്ല, ദൃശ്യം 3 വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം ഇന്‍ഡസ്ട്രിയുടെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ദൃശ്യം. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രം അതുവരെ മലയാളത്തിലുണ്ടായിരുന്ന സകലമാന കളക്ഷന്‍ റെക്കോഡുകളും തിരുത്തിക്കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ചൈനീസ് ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു.

എട്ട് വര്‍ഷത്തിന് ശേഷം റിലീസായ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നിട്ട് കൂടി ദൃശ്യം 2 പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാകുമെന്ന സൂചന ടെയില്‍ എന്‍ഡില്‍ നല്‍കിയാണ് ദൃശ്യം 2 അവസാനിക്കുന്നത്.

അതിന് ശേഷം ദൃശ്യം 3 ഉണ്ടാകുമെന്ന് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ജീത്തു ജോസഫ് ഇതിനെ കുറിച്ച് യാതൊന്നും വിട്ടുപറഞ്ഞിരുന്നില്ല. കാത്തിരിക്കാനായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ കാത്തിരിപ്പുകൾക്കൊടുവിൽ ദൃശ്യം 3 യുടെ അപ്ഡേറ്റ് വന്നിരിക്കുകയാണ്. കഴിഞ്ഞതിനൊന്നും അവസാനമില്ലെന്ന് സൂചന നൽകി കൊണ്ട് ദൃശ്യം 3 വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് ദൃശ്യം3 കൺഫോംഡ് എന്ന ക്യാപ്ഷ്യനോടെ മോഹൻലാൽ ജീത്തു ജോസഫിനൊപ്പവും ആന്റണി പെരുമ്പാവൂരിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

നിമിഷ നേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തത്. ചരിത്ര വിജയമായ സിനിമയുടെ മൂന്നാംഭാഗം വീണ്ടും വരുമ്പോൾ ആവേശത്തിലാണ് സിനിമ പ്രേമികൾ. പുതിയതായി ഏതൊക്കെ അഭിനേതാക്കൾ ഉണ്ടാവുമെന്നാണ് ഇനി അറിയേണ്ടത്. ദൃശ്യത്തിൽ വലിയ ശ്രദ്ധ നേടിയ കലാഭവൻ ഷാജോൺ മൂന്നാംഭാഗത്തിൽ തിരിച്ചു വരുമോയെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ എന്നിവരായിരുന്നു ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിൽ പുതിയതായി എത്തിയ അഭിനേതാക്കൾ.

കഴിഞ്ഞ ദിവസം അനൂപ് മേനോനൊപ്പമുള്ള പുതിയ ചിത്രം മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിയ ഹൈപ്പിൽ പുറത്തിറങ്ങുന്ന എമ്പുരാൻ, തരുൺ മൂർത്തി ചിത്രം തുടരും തുടങ്ങിയ മികച്ച സിനിമകളും ഈ വർഷം മോഹൻലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. അതിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് ദൃശ്യം 3.

Content Highlight: Drishyam 3 Movie Update

Latest Stories

Video Stories