Advertisement
Entertainment
വെറുമൊരു അനൗണ്‍സ്‌മെന്റിന് എക്‌സില്‍ രണ്ട് മില്യണ്‍ വ്യൂസ്, മലയാളത്തിന്റെ മോഹന്‍ലാല്‍ എന്ന് പറയുന്നത് വെറുതേയല്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 07:49 am
Monday, 3rd March 2025, 1:19 pm

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലധികമായി നടനായും താരമായും മലയാളികളെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിട്ടുണ്ട്. ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സില്‍ മോഹന്‍ലാല്‍ നേടിയ റെക്കോഡുകള്‍ മറ്റൊരു മലയാളനടനും ഇതുവരെ മറികടക്കാന്‍ സാധിച്ചിട്ടില്ല എന്നതും അയാളിലെ താരത്തെ വ്യത്യസ്തനായി നിര്‍ത്തുന്നു.

മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പോയില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. മലയാളത്തിലെ അതുവരെയുണ്ടായിരുന്ന സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത ദൃശ്യം മോളിവുഡിലെ നാഴികക്കല്ലായി മാറി. ചൈനീസ് ഉള്‍പ്പെടെ ആറോളം ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഒ.ടി.ടി റിലീസായെത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടി. ചിത്രം തിയേറ്ററില്‍ റിലീസായിരുന്നെങ്കില്‍ ആദ്യഭാഗത്തെപ്പോലെ വലിയ വിജയമായേനെയെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. അടുത്തിടെ ദൃശ്യം 3യുടെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് വന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റിന് എക്‌സില്‍ രണ്ട് മില്യണ്‍ വ്യൂസ് ലഭിച്ചിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ മലയാളചിത്രം കൂടിയാണ് ദൃശ്യം 3. മറ്റൊരു മലയാളസിനിമക്ക് പോലും ഒരു മില്യണ്‍ ഇംപ്രഷന്‍ ലഭിക്കാതിരിക്കുമ്പോഴാണ് ദൃശ്യം ഫ്രാഞ്ചൈസിയുടെയും മോഹന്‍ലാല്‍ എന്ന താരത്തിന്റെയും ഇംപാക്ട് എത്രമാത്രം വലുതാണെന്ന് മനസിലാകുന്നത്.

ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും ഇനി സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറുമെന്ന് ഉറപ്പിക്കുന്നതാണ് ഈ പോസ്റ്റിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിനായി കാത്തുനില്‍ക്കുന്നവരുടെ എണ്ണത്തിന് കുറവല്ല. തമിഴ് ഒഴികെ മറ്റെല്ലാ ഭാഷകളിലും രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ആശീര്‍വാദ് സിനിമാസ് തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും നിര്‍മാതാവ്. എന്നാല്‍ ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ റിലീസ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ്. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. മാര്‍ച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Drishyam 3 announcement post reached 2 million views in Twitter