Advertisement
Entertainment
പൊലീസ് ട്രെയ്‌നികളെല്ലാവരും ദൃശ്യം 2 കണ്ടിരിക്കണം; അക്കാദമിക്ക് നിര്‍ദേശം സമര്‍പ്പിച്ച് ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 02, 09:58 am
Tuesday, 2nd March 2021, 3:28 pm

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജീത്തു ജോസഫ് ചിത്രം ദൃശ്യം2വിന് അഭിനന്ദനവുമായി രംഗത്തുവരുന്നത്. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ബുദ്ധിക്ക് പിന്നിലെ ജീത്തു ജോസഫിന്റെ തിരക്കഥയുടെ ശക്തിയാണ് എല്ലാവരും ഒരുപോലെ എടുത്തുപറയുന്ന ഘടകം.

ദൃശ്യത്തിനെ കുറിച്ച് ആരാധകരെഴുതിയ പല കുറിപ്പുകളും വൈറലാകാറുണ്ട്. ബംഗ്ലാദേശിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യത്തെ കുറിച്ചുള്ള പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.

ബംഗ്ലാദേശ് പൊലീസ് അക്കാദമിയിലെ എല്ലാ ട്രെയ്‌നികളും നിര്‍ബന്ധമായും ദൃശ്യം 2 കണ്ടിരിക്കണമെന്നാണ് അഡീഷണല്‍ സൂപ്രണ്ടായ മഷ്‌റൂഫ് ഹൊസൈന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. കേസ് അന്വേഷിക്കുമ്പോള്‍ ഏത് മനോനിലയിലായിരിക്കണമെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

പൊലീസാകാന്‍ ആഗ്രഹിക്കുന്നവരും അല്ലാത്തവരുമെല്ലാം കണ്ടിരിക്കേണ്ട ചിത്രമാണ് ദൃശ്യം 2 എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 പ്രേക്ഷകരിലെത്തിയത്. ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു രണ്ടാം ഭാഗമെന്നും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് തന്നെ കഥ പറയാനായെന്നുമായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.