പാതിരാത്രിയിലാണ് ദൃശ്യം 2 കണ്ടുതീര്‍ത്തത്. അതിനുപിന്നാലെ ഞാന്‍ ഉറങ്ങാന്‍ കിടന്നു. പക്ഷേ ഉറക്കം വന്നില്ല. ഉള്ളില്‍ ആഹ്ലാദവും ആവേശവും അലതല്ലുകയായിരുന്നു. എന്റെ മനസ്സിലൂടെ നിരവധി ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു.
വിമര്‍ശകര്‍ക്ക് ഉചിതമായ രീതിയില്‍ മറുപടി നല്‍കിയ മോഹന്‍ലാല്‍ എന്ന നടന്‍. ജീത്തു ജോസഫ് എന്ന മാസ്റ്റര്‍ സംവിധായകന്‍. പ്രേക്ഷകരായ നമുക്ക് നഷ്ടമായ തിയേറ്റര്‍ എക്‌സ്പീരിയന്‍സ്. ആലോചിക്കാന്‍ ധാരാളമുണ്ടായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരുകണക്കിനാണ് നേരം വെളുപ്പിച്ചത്.
സമാനമായ അവസ്ഥകളിലൂടെ നിങ്ങളില്‍ പലരും കടന്നുപോയിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. സിനിമാപ്രേമികള്‍ക്ക് ദൃശ്യം 2 ഒരു വലിയ വിരുന്ന് തന്നെയാണ്.
മെല്ലെത്തുടങ്ങി പിന്നീട് കത്തിക്കയറുന്ന രീതിയാണ് ദൃശ്യത്തില്‍ ജീത്തു അവലംബിച്ചിരുന്നത്. രണ്ടാംഭാഗം അതില്‍നിന്ന് വ്യത്യസ്തമാണ്. സിനിമയുടെ മൂന്നാം മിനുറ്റില്‍ തന്നെ നമ്മെ ആകാംക്ഷയുടെ മുള്‍മുനയിലേക്ക് തള്ളിവിടുകയാണ് സംവിധായകന്‍.
പിന്നീട് ആകാംക്ഷയുടെ തോത് വര്‍ദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഡെമോക്ലീസിന്റെ വാള്‍ പോലെ അത് പ്രേക്ഷകരെ പിന്തുടരുന്നു!
സിനിമയുടെ ആദ്യപകുതി കഴിഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങനെയാണ് ചിന്തിച്ചത്, ഫസ്റ്റ്ഹാഫില്‍ത്തന്നെ ഇത്രയേറെ ട്വിസ്റ്റുകളോ!? അപ്പോള്‍ സിനിമ കഴിയുമ്പോള്‍ എന്താവും സ്ഥിതി!?
എന്റെ പ്രതീക്ഷ തെറ്റിയില്ല. സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള ട്വിസ്റ്റുകളാണ് രണ്ടാംപകുതി കരുതിവെച്ചിരുന്നത്. രോമാഞ്ചത്തോടെയും നെഞ്ചിടിപ്പോടെയും കണ്ടുതീര്‍ത്തു. ദൃശ്യം 2 ദൃശ്യത്തെ കടത്തിവെട്ടി എന്നാണ് വ്യക്തിപരമായ അഭിപ്രായം.
ജീത്തു ജോസഫിന് എത്ര കൈയ്യടികള്‍ നല്‍കിയാലും അധികമാവില്ല. 2013ല്‍ ദൃശ്യം ചെയ്യുമ്പോള്‍ അതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ജീത്തു ചിന്തിച്ചിരുന്നില്ല. രണ്ടാംഭാഗത്തിന് ആവശ്യമായ അടിത്തറയും ചേരുവകളും ആദ്യ ഭാഗത്തില്‍ മിസ്സിങ്ങ് ആയിരുന്നു. എന്നിട്ടും ദൃശ്യത്തിന് മഹത്തായ തുടര്‍ച്ചയുണ്ടായി! ഇതിനെ ജീനിയസ് എന്ന് വിളിച്ചാല്‍ കുറഞ്ഞുപോകും!
മോഹന്‍ലാല്‍ മോശം സമയത്തിലൂടെ കടന്നുപോവുകയായിരുന്നു. ആ മുഖത്തുനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് കരുതിയവരുണ്ട്. ലാലിനെ ‘സബ്‌ടൈറ്റില്‍ ആക്ടര്‍’ എന്ന് വിശേഷിപ്പിച്ചവരുണ്ട്. ബിഗ് ബ്രദറിലെ രംഗങ്ങള്‍ ഉപയോഗിച്ച് ട്രോള്‍ ചെയ്തവരുണ്ട്.
ദൃശ്യം 2വില്‍ വിന്റേജ് മോഹന്‍ലാലിനെ കാണാം എന്ന് ജീത്തു പറഞ്ഞപ്പോള്‍ അതൊരു അതിശയോക്തിയായി മാത്രമാണ് അനുഭവപ്പെട്ടത്. പക്ഷേ അത് സത്യമായിരുന്നു.
ശരാശരി മലയാളിയുടെ എല്ലാ ഭാവങ്ങളും വിരിഞ്ഞ മുഖമാണ് മോഹന്‍ലാലിന്റേത്. ആ മുഖമാണ് ദൃശ്യം 2വില്‍ കണ്ടത്. പഴയ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കും എന്ന് പറയാറുണ്ട്. ദശരഥത്തിലെ രാജീവ് മേനോനെ കണ്ടാല്‍ ആ വിലയിരുത്തല്‍ ശരിയാണെന്ന് തോന്നും.
ഇതൊന്നും ലാല്‍ മുന്‍കൂട്ടി തീരുമാനിച്ച് ചെയ്യുന്നതല്ല. അദ്ദേഹത്തിന്റെ അഭിനയം തികച്ചും സ്വാഭാവികമാണ്. ജോര്‍ജ്ജ് കുട്ടിയുടെ വിരലുകളും പലതവണ ചലിക്കുന്നുണ്ട്. ഒരുപക്ഷേ മോഹന്‍ലാല്‍ പോലും അറിയാതെ! ഫോം താത്കാലികമാണ്. ക്ലാസ് സ്ഥിരവും!
ഇതൊരു തിരിച്ചുവരവല്ല. തിരിച്ചുവരാന്‍ മോഹന്‍ലാല്‍ എന്ന മഹാനടന്‍ എങ്ങും പോയിട്ടില്ലല്ലോ!
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക