ആമസോണ്‍ പ്രൈമിലിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തിന് വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നായിരുന്നു പലരുടെയും ആദ്യ സോഷ്യല്‍ മീഡിയ പ്രതികരണം.
വ്യാഴാഴ്ച രാത്രി ഇറങ്ങിയ ചിത്രത്തെക്കുറിച്ച് അനേകം വ്യത്യസ്ത അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടയില്‍ പിണറായി വിജയനെയും എല്‍.ഡി.എഫ്‌സര്‍ക്കാരിനെയും ദൃശ്യം 2 വില്‍ ഉള്‍ക്കൊള്ളിച്ചാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.
ദൃശ്യം 2വില്‍ മൂന്ന് വര്‍ഷം മുമ്പ് നവീകരിച്ച ഒരു റോഡിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. ഇത് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന നിലയിലുള്ള വാദമാണ് ഉയരുന്നത്. ഇതുവെച്ച് ഫേസ്ബുക്ക് പോസ്റ്റുകളും ട്രോള്‍ വീഡിയോകളും ഇറങ്ങിയിട്ടുണ്ട്.
ചിത്രത്തില്‍ പൊലീസുകാരന്റെ വേഷം ചെയ്യുന്ന ഗണേഷ് കുമാര്‍ വന്നിട്ട് ആ റോഡ് എങ്ങോട്ടു പോകുന്നതാണെന്ന് ചോദിക്കുന്നതും മറ്റൊരാള്‍ അത് ജോര്‍ജ് കുട്ടിയുടെ കേബിള്‍ ടി.വി ഓഫീസിലേക്കുള്ള ഷോട്ട് കട്ടാണ്. ആ റോഡ് ടാര്‍ ചെയ്തിട്ടു മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. മുന്‍പ് ആ റോഡ് വളരെ മോശമായിരുന്നെന്ന് പറയുന്ന ഡയലോഗാണ് പലരും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതുവെച്ച് ഇടത് ഗ്രൂപ്പുകളില്‍ പ്രചരണങ്ങളും നടക്കുന്നുണ്ട്.
ദൃശ്യം 2വിന് ലഭിച്ച സ്വീകാര്യതയോട് പ്രതികരിച്ച് സംവിധായകന്‍ ജീത്തു ജോസഫ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ജീത്തു ജോസഫ് ഇത്രയും സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില പ്രതികരണങ്ങള്‍ തന്നെ ഞെട്ടിച്ചുവെന്നും ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്ന പ്രതികരണം തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററില്‍ ഇറക്കിയിരുന്നെങ്കില്‍ ചിത്രം രണ്ടാഴ്ച നിറഞ്ഞോടുമായിരുന്നെന്നും നിലവിലെ സാഹചര്യങ്ങള്‍ മൂലമാണ് തിയേറ്റര്‍ റിലീസ് സാധിക്കാതായതെന്നും ജീത്തു പറഞ്ഞു. കുടുംബങ്ങള്‍ തിയേറ്ററിലേക്ക് വരാന്‍ മടിക്കുന്നുവെന്നാണ് പലരോടും സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്നും ഇതാണ് ഒ.ടി.ടി റിലീസ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.
മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Drishyam 2; Pinarayi Vijayan and LDF Government in the Movie