| Friday, 1st January 2021, 3:46 pm

ദൃശ്യം 2 വിന്റെ ഒ.ടി.ടി റിലീസ്; വിജയ് കാണിച്ച തന്റേടവും കടപ്പാടും മോഹന്‍ലാല്‍ കാണിക്കണമായിരുന്നു; ലിബര്‍ട്ടി ബഷീര്‍

അശ്വിന്‍ രാജ്

മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 ഒ.ടി.ടി റിലീസിനെത്തുന്നത് സിനിമാരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം അപ്രതീക്ഷിതമായി ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പുതുവത്സരത്തില്‍ പുറത്തിറങ്ങിയ ടീസറിലാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് നിശ്ചലമായ തിയേറ്റര്‍ വ്യവസായത്തിന് ദൃശ്യം 2 വിന്റെ തിയേറ്റര്‍ റിലീസ് ഗുണകരമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.

ചിത്രം ഒ.ടി.ടി റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് സമിശ്ര പ്രതികരണമാണ് ഇപ്പോള്‍ വരുന്നത്. ആമസോണിലൂടെ ദൃശ്യം 2വിന്റെ റിലീസിനെതിരെ ലിബര്‍ട്ടി ബഷീര്‍ ഡൂള്‍ന്യൂസിനോട്  പ്രതികരിക്കുന്നു.

തിയേറ്റര്‍ റിലീസിനെത്തുമെന്ന് കരുതപ്പെട്ടിരുന്ന ദൃശ്യം 2 അപ്രതീക്ഷിതമായി ഇപ്പോള്‍ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു തിയേറ്റര്‍ ഉടമ എന്ന നിലയില്‍ ഈ തീരുമാനത്തോട് എങ്ങിനെ പ്രതികരിക്കുന്നു ?

എട്ട് വര്‍ഷം മുമ്പാണ് ദൃശ്യം റിലീസ് ചെയ്തത്. അന്ന് മലയാള സിനിമയില്‍ സമാനമായ രീതിയില്‍ ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇന്‍ഡ്രസ്ട്രി ഒന്നാകെ തളര്‍ന്ന് കിടന്ന് തിയേറ്ററുകളില്‍ ആളില്ലാത്ത സമയത്താണ് ദൃശ്യം റിലീസ് ചെയ്യുന്നത്. അങ്ങിനെയാണ് ആളുകള്‍ വീണ്ടും തിയേറ്ററുകളിലേക്ക് വന്നുതുടങ്ങിയത്. ഫാമിലി ഒക്കെ എത്തി തുടങ്ങിയത്.

അത്തരമൊരു പ്രതീക്ഷയായിരുന്നു ഇപ്പോള്‍ പത്ത് മാസം തിയേറ്ററുകള്‍ പൂട്ടികിടന്നപ്പോഴും ഉണ്ടായിരുന്നത്. രണ്ട് സിനിമകളില്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നത്. ഒന്ന് കുഞ്ഞാലി മരക്കാറും രണ്ട് ദൃശ്യം 2 ഉം ആയിരുന്നു. ദൃശ്യം 2 തിയേറ്ററുകളില്‍ തന്നെ ഇറക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഞങ്ങള്‍ക്ക് വാക്ക് തന്നതായിരുന്നു.

ദൃശ്യം 2 ഡിസംബറില്‍ തിയേറ്ററുകളില്‍ ഇറക്കും എന്ന് പ്രതീക്ഷിച്ചിട്ടാണ് ചിത്രം ആരംഭിച്ചത് തന്നെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പ്രതീക്ഷയായിരുന്നു ഡിസംബറിലോ ജനുവരിയിലോ ചിത്രം തിയേറ്ററുകളില്‍ ഇറക്കും എന്നത്. ദൃശ്യം 2 ഇറങ്ങിക്കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ ഫാമിലി തിരികെ വന്ന് തിയേറ്ററിന്റെ ഒരു ഉണര്‍വ് തിരികെ ലഭിക്കുമെന്നത്.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന വാര്‍ത്ത തിയേറ്ററുകാരെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. ഇതൊരിക്കലും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒന്നാമത് അമ്മ പോലൊരു സംഘടനയുടെ പ്രസിഡന്റാണ് മോഹന്‍ലാല്‍. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണെങ്കില്‍ ഫിയോക്ക് എന്ന തിയേറ്റര്‍ സംഘടനയുടെ പ്രസിഡന്റ് ആണ്. ഒരു പ്രഗത്ഭനായ സംവിധായകനാണ് ജീത്തു ജോസഫ്. ഇവരില്‍ നിന്ന് ഇങ്ങനെയൊരു നീക്കം ഞങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇവര്‍ മൂന്ന് പേരും തിയേറ്ററുകളില്‍ പടം കളിച്ചിട്ടാണ് ആളായത്. ഇവര്‍ മൂന്ന് പേരില്‍ നിന്നും സ്വപ്‌നത്തില്‍ പോലും ആരും ഇത് വിചാരിച്ചിട്ടില്ല. സാധാരണ ഒരു പ്രൊഡ്യൂസറാണ് ഇത് ചെയ്തതെങ്കില്‍ കാശില്ലാഞ്ഞിട്ടാണ് എന്ന് വെയ്ക്കാം. പക്ഷേ കോടാനുകോടീശ്വരന്മാര്‍ ഇത് ചെയ്തത് തിയേറ്ററുകാരോടുള്ള അനീതിയാണ്.

വേറെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, വിജയ് എന്ന തമിഴ് നടന്‍ നാടിനോടും തിയേറ്ററുകളോടും കാണിച്ച കടപ്പാടാണ്. കോടാനുകോടി രൂപ ഓഫര്‍ ആമസോണില്‍ നിന്നടക്കം വന്നിട്ടും അതിന് നില്‍ക്കാതിരുന്നത് ഓര്‍ക്കണം. വിജയ് കാണിച്ച ആ തന്റേടം, ആ കടപ്പാട് മോഹന്‍ലാല്‍ ഇവിടുത്തെ തിയേറ്റര്‍ ഉടമകളോടും ഇവിടുത്തെ ജനങ്ങളോടും കാണിച്ചില്ല എന്നത് ചിന്തിക്കാന്‍ പറ്റാത്തതാണ്.

മുമ്പ് സൂഫിയും സുജാതയും അടക്കമുള്ള സിനിമകള്‍ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകളുടെ സംഘടന അതിനെ എതിര്‍ക്കുകയും ഈ ആളുകളുമായി ഇനി സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു ?

അതേ അന്ന് സംഘടന ഒ.ടി.ടി റിലീസിനെ എതിര്‍ത്തിരുന്നു. ആന്റണിയാണ് സംഘടനയുടെ പ്രസിഡന്റ്. ഈ സംഘടനയില്‍ നിന്ന് രാജി വെച്ചിട്ടാണ് ആന്റണിയുടെ പടം റിലീസ് ചെയ്യുന്നതെങ്കില്‍ വേണമെങ്കില്‍ ന്യായീകരിക്കാമായിരുന്നു. തലപ്പത്ത് ഇരിക്കുമ്പോള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഞാന്‍ ഒരു സംഘടനയുടെ തലപ്പത്ത് ഇരുന്നിട്ടല്ലെ ബലിയാടായത്.

കേരളത്തില്‍ തിയേറ്ററുകള്‍ എന്ന് തുറക്കുമെന്നാണ് വിചാരിക്കുന്നത് ?

സര്‍ക്കാര്‍ ജനുവരിയില്‍ തിയേറ്ററുകള്‍ തുറക്കാന്‍ ഇരിക്കുകയായിരുന്നു അതിനിടയ്ക്കാണ് ഈ സംഭവം.

തിയേറ്ററുകള്‍ തുറക്കുകയാണെങ്കില്‍ മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുമോ, അത് എന്നായിരിക്കും ?

സര്‍ക്കാര്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ മാസ്റ്റര്‍ എന്തായാലും 13 ന് തന്നെ കേരളത്തില്‍ റിലീസ് ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Drishyam 2 OTT release; Mohanlal should have shown the kindness and commitment shown by Actor Vijay; Liberty Basheer

അശ്വിന്‍ രാജ്

ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more