Malayalam Cinema
ദൃശ്യം 2 പരാജയപ്പെട്ടാല്‍ കൂത്താട്ടുകുളം വന്ന് തല്ലുമെന്നായിരുന്നു ജീത്തു സാര്‍ പറഞ്ഞത്; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് അജിത്ത് കൂത്താട്ടുകുളം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 20, 05:57 pm
Saturday, 20th February 2021, 11:27 pm

കൊച്ചി: കഴിഞ്ഞ ദിവസമാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആദ്യ ഭാഗത്തില്‍ നിന്നുള്ള കഥാപാത്രങ്ങള്‍ക്ക് പുറമെ ചില പുതിയ കഥാപാത്രങ്ങളും എത്തിയിരുന്നു.

ചിത്രത്തിലെ ഏറെ നിര്‍ണായകമായ കഥാപാത്രമായ ജോസിനെ അവതരിപ്പിച്ചത് സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത്ത് കൂത്താട്ടുകുളം ആയിരുന്നു. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.

ചിത്രം വന്‍ വിജയം കരസ്ഥമാക്കിയതോടെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അജിത് കൂത്താട്ടുകുളം. മനു അടിമാലി തയ്യാറാക്കിയ വീഡിയോയിലാണ് പ്രേക്ഷകര്‍ക്ക് നന്ദിയും ഷൂട്ടിംഗ് അനുഭവവും പങ്കുവെച്ച് അജിത്ത് എത്തിയത്.

ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ട് കൈയ്യടിച്ച് ഇറങ്ങിയ ആളാണ് താന്‍, ഒരിക്കലും രണ്ടാം ഭാഗത്തില്‍ താന്‍ ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അജിത്ത് പറഞ്ഞു.

ചിത്രം റിലീസ് ചെയ്യുവോളും ആര്‍ക്കില്ലെങ്കിലും തനിക്ക് വലിയ ടെന്‍ഷന്‍ ആയിരുന്നെന്നും അജിത്ത് പറയുന്നു. റിലീസ് ചെയ്ത് ആളുകള്‍ സ്വീകരിച്ചതോടെയാണ് ആശ്വാസമായതെന്നും അജിത്ത് പറയുന്നു.

അതിനുള്ള കാരണവും അജിത്ത് പറയുന്നുണ്ട്. ചിത്രത്തിലെ ഷൂട്ടിംഗ് ആരംഭിച്ചപ്പോഴും അവസാനിപ്പിച്ചപ്പോഴും ക്യാമറ തന്റെ മുഖത്തേക്ക് ആയിരുന്നു ഉണ്ടായിരുന്നതെന്നും അത് കൊണ്ട് തന്നെ തമാശയായി ജീത്തു ജോസഫ് തന്നോട് ചിത്രം മോശമായാല്‍ കൂത്താട്ടുകുളം വന്ന് തന്നെ തല്ലുമെന്ന് പറയാറുണ്ടായിരുന്നെന്നും അജിത്ത് പറഞ്ഞു.

ചിത്രം കണ്ടവര്‍ക്കെല്ലാം അജിത്ത് നന്ദിയും പറഞ്ഞു. ദൃശ്യം 2 വിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ അഭിനയിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഫെബ്രുവരി 18 രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19 ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Drishyam 2 on prime Actor Ajith Koothattukulam shared his shooting experience and jeethu joseph, mohanlal