പൊതുവെ രണ്ടാം ഭാഗം വരുന്ന സിനിമകള്‍ , പ്രത്യേകിച്ച് മലയാളത്തില്‍ അംഗീകരിക്കപ്പെടാന്‍ പ്രയാസമാണ്. അപൂര്‍വമായ ചില സിനിമകള്‍ മാത്രമാണ് ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തിയുള്ള രണ്ടാം ഭാഗമായി എത്താറുള്ളത്.
അതുകൊണ്ട് തന്നെ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന വാര്‍ത്ത അത്ര താല്‍പ്പര്യത്തോടെയായിരുന്നില്ല കേട്ടിരുന്നത്.
പിന്നീട് ചിത്രം ഒ.ടി.ടി റിലീസ് ആണെന്നറിഞ്ഞപ്പോഴും ഉണ്ടായിരുന്ന പ്രതിക്ഷകള്‍ നശിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യം 2 എന്ന ചിത്രം പ്രതീക്ഷകളെ അസ്ഥാനത്താക്കി ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്ന മികച്ച രണ്ടാം ഭാഗം തന്നെയാണ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം സിനിമ കാണിച്ചു തന്ന ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജീവിതമാണ് ദൃശ്യം 2 എന്ന ചിത്രത്തിന് ആധാരം.
ദൃശ്യം സിനിമയില്‍ നിന്ന് രണ്ടാം ഭാഗത്തിലേക്ക് കണക്ട് ചെയ്യേണ്ടതായ പോയിന്റുകളെ കല്ലുകടിയാവാതെ അവതരിപ്പിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ദൃശ്യം പോലെയൊരു ത്രില്ലര്‍ സിനിമയുടെ രണ്ടാം ഭാഗം ആയത് കൊണ്ട് തന്നെ കഥയെ കുറിച്ച് പറയുന്നതിന് ചില പരിമിതികള്‍ ഉണ്ട്.
ദൃശ്യം സിനിമ അവസാനിക്കുന്ന ഇടത്തെ പോലെ ഇന്ന് ഒരു സാധാരണക്കാരന്‍ മാത്രമല്ല ജോര്‍ജ് കുട്ടി. സ്വന്തമായി ഒരു തിയേറ്റര്‍ നടത്തുന്ന ഒരു സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്.
ആറ് വര്‍ഷങ്ങള്‍ കൊണ്ട് അയാളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിനെ വെച്ച് രണ്ടാം ഭാഗത്ത് എത്തുമ്പോള്‍ ഒരു പെര്‍ഫക്ട് സിനിമയാണ് ദൃശ്യം 2 എന്ന പറയാന്‍ സാധിക്കില്ല.
സംഭാഷണങ്ങളിലെ നാടകീയതയും മറ്റും ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട്. കഥാപാത്രങ്ങളില്‍ ചിലരുടെ അഭിനയവും ഏച്ചുകെട്ടലാവുന്നുണ്ട്. പക്ഷേ സിനിമ ആകെ തുകയില്‍ ആദ്യഭാഗമായ ദൃശ്യത്തിനോട് നീതി പുര്‍ണമായും പുലര്‍ത്തുന്ന സിനിമയാണ്.
ഒരു ക്രൈം നടന്നാല്‍ അത് തെളിയിക്കാനായിട്ടുള്ള പൊലീസിന്റെ ശ്രമവും അതിനായി ഒരുക്കുന്ന വലയും ജോര്‍്ജ്കുട്ടിയോട് നാട്ടുകാര്‍ക്ക് ഉണ്ടാവുന്ന മനംമാറ്റവും ചിത്രത്തില്‍ കൃത്യമായി കാണിച്ച് തരുന്നുണ്ട്.
സിനിമയുടെ ഒരു ട്രീറ്റ്‌മെന്റില്‍ എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള ഒരു കാര്യം ദൃശ്യത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളില്‍ കാണുമ്പോള്‍ ഒരു ഫാമിലി ഡ്രാമയായി കണ്ട് തുടങ്ങി ക്ലൈമാക്‌സില്‍ എത്തുമ്പോള്‍ അത് ഒരു പെര്‍ഫക്ട് ക്രൈം ത്രില്ലര്‍ ആവുകയായിരുന്നു. ഇവിടെ നിന്ന് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഒന്ന് ദൃശ്യം ഉണ്ടാക്കിയ അതേ ഫീല്‍ രണ്ടാം ഭാഗത്തിന് ലഭിക്കണമെങ്കില്‍ ആദ്യ ഭാഗം കണ്ട പ്രേക്ഷകരുടെ അമിത പ്രതീക്ഷകള്‍ ഇല്ലാതെയാവണം. ഇത് സിനിമയുടെ റിലീസിന് മുമ്പ് തന്നെ അണിയറ പ്രവര്‍ത്തകര്‍ മനോഹരമായി ചെയ്തിട്ടുണ്ട്.
ദൃശ്യം 2 വിന്റെ കഥാഗതിയില്‍ അനാവശ്യമെന്നും വലിച്ചു നീട്ടുന്നതെന്നും നമുക്ക് തോന്നുന്ന സീനുകള്‍ ഉണ്ട്. ചിത്രത്തിന്റെ അവസാനത്തോട് അടുക്കുമ്പോളാണ് ഈ സീനുകളുടെ പ്രധാന്യം നമ്മള്‍ തിരിച്ചറിയുക. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തില്‍ ഗീത പ്രഭാകര്‍ പറയുമ്പോലെ ഒരു നാലാംക്ലാസുകാരന്റെ ബുദ്ധിയല്ല അയാളുടെത് എന്ന പ്രേക്ഷകനും കൈയ്യടിച്ച് സമ്മതിക്കും.
ദൃശ്യം ആദ്യ ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തില്‍ എത്തിയ താരങ്ങള്‍ എല്ലാം തങ്ങളുടെ റോളുകള്‍ മികച്ചതായി ചെയ്തിട്ടുണ്ട്. അതിന് പുറമെ മുരളി ഗോപിയുടെ ക്യാരക്ടറൊക്കെ പെര്‍ഫക്ട് കാസ്റ്റിംഗ് ആയിരുന്നു.
പക്ഷേ ചിത്രത്തില്‍ എടുത്ത് പറയേണ്ടതായി തോന്നിയ മൂന്ന് പേര്‍ ഉണ്ട്. 1 സാബു എന്ന റോള്‍ ചെയ്ത സുമേശ്, ജോസ് എന്ന റോള്‍ ചെയ്ത അജിത്ത്, ജോസിന്റെ ഭാര്യയുടെ റോള്‍ ചെയ്ത കൃഷ്ണ പ്രഭ എന്നിവരാണ്.
കാരണം ഇവര്‍ മൂന്ന് പേരും മിമിക്രിയുടെയും കോമഡിയുടെയും ഒക്കെ പശ്ചാത്തലത്തില്‍ നിന്ന് എത്തിയവരാണ്. സാധാരണ ഇവര്‍ സ്‌ക്രീനില്‍ എത്തുമ്പോള്‍ പ്രതീക്ഷിക്കുന്ന ചില പ്രകടനങ്ങള്‍ ഉണ്ട്. എന്നാല്‍ അത്തരം മുന്‍ ധാരണകളെ കാറ്റില്‍ പറത്തിയാണ് മൂന്ന് പേരും തങ്ങളുടെ റോളുകള്‍ ചെയ്തത്.
സിനിമയുടെ മറ്റ് മേഖലകളിലേക്ക് നോക്കുകയാണെങ്കില്‍ ആദ്യ ഭാഗത്ത് നിന്ന് രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ ആര്‍ട് വിഭാഗം അടക്കമുള്ളവ ശരാശരിയില്‍ ഒതുങ്ങിയിട്ടുണ്ട്. ഒരു പക്ഷേ ലോക്ക്ഡൗണ്‍ കാലത്തുള്ള ഷൂട്ടിംഗും മറ്റുമായിരിക്കാം കാരണം.
ചിത്രത്തിലെ സോനോബിയ സഫര്‍ പാടിയ ഒരേ പകല്‍ എന്ന ഗാനം പടത്തിന്റെ മൂഡിന് യോജിച്ചതായിരുന്നു. ആകെയുള്ള സങ്കടം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് ഒതുങ്ങേണ്ടി വന്നു എന്നതാണ്.
തീര്‍ച്ചയായും തിയേറ്റര്‍ റിലീസിന് പ്രത്യേകിച്ച് ഈ സമയത്ത് അര്‍ഹതയുണ്ടായിരുന്ന ഒരു ചിത്രം തന്നെയായിരുന്നു ദൃശ്യം 2.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Drishyam 2 Malayalam Movie Review: The second part did justice to the first part