ബോളിവുഡിനെ രക്ഷിച്ച മോളിവുഡിന്റെ മുഖം| Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോടികളുടെ മുതല്‍ മുടക്കുണ്ട്, വമ്പന്‍ താര സാന്നിധ്യമുണ്ട് എന്നിട്ടും തുടരെ തുടരെ വലിയ പരാജയങ്ങളാണ് ബോളിവുഡിനെ തേടിയെത്തിയത്.
രണ്‍ബീര്‍ കപൂര്‍ നായകനായ ജയേഷ്ഭായ് ജോര്‍ദാര്‍, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ്, ആമീര്‍ഖാന്റെ ലാല്‍ സിങ് ചദ്ദ, കങ്കണ റണാവത്തിന്റെ ധാക്കഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇത്തരത്തില്‍ വന്‍ പരാജയമായത്.

ഈ സാഹചര്യത്തിലാണ് തുടര്‍ പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് ആശ്വാസവുമായി മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 2 എത്തുന്നത്.മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റിലീസായത് നവംബര്‍ 18നാണ്. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരിന്നു.

കെ.ജി.എഫ്, വിക്രം, പൊന്നിയില്‍ സെല്‍വന്‍, ആര്‍.ആര്‍.ആര്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ വലിയ കളക്ഷനുമായി മുന്നേറിയ സാഹചര്യത്തില്‍ പരാജയത്തിന്റെ പടുകുഴിയിലായിരുന്നു ബോളിവുഡ്. കോവിഡിന് ശേഷം തകര്‍ന്ന ബോളിവുഡിന് വലിയ ആശ്വാസമാകാന്‍ ദൃശ്യം 2വിന് സാധിച്ചിട്ടുണ്ട്.

ഹിന്ദി റീമേക്കില്‍ മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെന്ന കഥാപാത്രത്തിലെത്തിയത് അജയ് ദേവ്ഗണ്ണാണ്. ഹിന്ദിയില്‍ വിജയ് സല്‍ഗനോക്കര്‍ എന്നാണ് ജോര്‍ജ് കുട്ടിയുടെ പേര്. തബുവാണ് ആശാ ശരത്ത് അവതരിപ്പിച്ച ഐ.ജി ഗീതാ പ്രഭാകറിന്റെ റോളില്‍ എത്തിയത്. ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

ദ കശ്മീര്‍ ഫയല്‍സിനും ബ്രഹ്മാസ്ത്രക്കും ശേഷം ബോളിവുഡില്‍ നിന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി ദൃശ്യം 2 ഇതിനകം മാറിയിരിക്കുന്നു. ലോകമെമ്പാടുമുള്ള കളക്ഷന്‍ പരിശോധിക്കുമ്പോള്‍ ചിത്രം 300 കോടി കടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം 2 ഒ.ടി.ടിയിലായിരുന്നു റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസ് ചെയ്യാത്തത് വലിയ നഷ്ടമായിപ്പോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

അഭിഷേക് പാഠകാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത്. 50 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 300 കോടിക്കു മുകളിലാണ് എത്തി നില്‍ക്കുന്നത്. എന്നാല്‍ ദൃശ്യം 2 പോലെ രണ്ടു മൂന്ന് വിജയങ്ങള്‍ കൂടി ഉണ്ടായാലെ നിലവിലെ അവസ്ഥയെ അതിജീവിക്കാന്‍ കഴിയുകയുള്ളുവെന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്.

അതേസമയം ജീത്തു ജോസഫിനെ അഭിനന്ദിച്ചും നിരവധി ആളുകള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ‘ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു. എല്ലാവരുടെയും ചിന്തകള്‍ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു,” എന്നായിരുന്നു സിനിമാ നിരീക്ഷകന്‍ സുമിത് പറഞ്ഞത്.

സുമിത്തിനെ പോലെ നിരവധി പേരാണ് ചിത്രത്തെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് രംഗത്ത് വരുന്നത്. ദൃശ്യം 3 വേണമെന്നും അത് അജയ് ദേവ്ഗണ്ണിനെ വെച്ച് ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യണമെന്നും പ്രേക്ഷകരും നിരൂപകരും ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് ഇത്തരത്തില്‍ വലിയ വിജയത്തിന് കാരണമായതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അഭിഷേക് സംവിധാനം ചെയ്ത ചിത്രത്തില്‍ ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന എന്നിവരുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം.

മലയാളത്തില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ ഉണ്ടായതിന് ശേഷമാണ് മോഹന്‍ലാലിന്റെ കരിയറിലെ ഒരു തിരിച്ച് വരവായി ദൃശ്യത്തിന്റെ ആദ്യഭാഗം എത്തിയത്. മലയാള സിനിമക്കും വലിയ ആശ്വാസം തന്നെയായിരുന്നു ചിത്രം നല്‍കിയത്. കോവിഡ് കാലത്ത് ഇറങ്ങിയ ദൃശ്യം 2 വും വലിയ പ്രതിഫലനം മോളിവുഡില്‍ ഉണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയുടെ മുഖമായിരുന്ന ബോളിവുഡിനെ പിടിച്ചുയര്‍ത്താനും ജീത്തു ജോസഫിന്റെ ഈ മലയാള ചിത്രം തന്നെ വേണ്ടി വന്നു. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി മലയാളികള്‍ മാത്രമല്ല മൊത്തം ഇന്ത്യന്‍ സിനിമാസ്വാദകരും കാത്തിരിക്കുകയാണ്.

content highlight: drishyam 2 malayalam movie is a relief of bollywood continues failure