| Monday, 22nd February 2021, 12:35 pm

ദൃശ്യം 2വില്‍ ഭാഗമാകാത്തതില്‍ വിഷമമുണ്ട്: കലാഭവന്‍ ഷാജോണ്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സിനിമ ഇറങ്ങിയതിന് പിന്നാലെ പലരും ചോദിച്ചിരുന്ന കാര്യം ദൃശ്യത്തിലെ പൊലീസുകാരന്‍ സഹദേവന്റെ കഥാപാത്രം എവിടെ പോയി എന്നായിരുന്നു. കലാഭവന്‍ ഷാജോണ്‍ ചെയ്ത ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാം ഭാഗത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് തുറന്നുപറയുകയാണ് ഷാജോണ്‍. നടന്‍ ബാലാജി ശര്‍മ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജോണ്‍.

ദൃശ്യം 2വിലെ സാക്ഷി ജോസ് സഹദേവന്റെ ആളാണോയെന്നതിനും രണ്ടാം ഭാഗത്തില്‍ ഇല്ലാതായതില്‍ വിഷമമുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാജോണ്‍.

‘സഹദേവന് പണി പോയെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ആ സിനിമയില്‍ പണി കിട്ടിയില്ല. സഹദേവന്റെ ആളായിരിക്കാം ആ സാക്ഷി. അതൊക്കെ ദൃശ്യം 3വില്‍ അറിയാം. ഒരു രക്ഷയുമില്ലാത്ത പടമാണ് ദൃശ്യം 2. എന്തൊക്കെ ട്വിസ്റ്റുകളാണ് പടത്തില്‍. പിന്നെ ദൃശ്യം 2വില്‍ ഇല്ലാത്തതിന്റെ വിഷമുണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായുമുണ്ട്. കാരണം ദൃശ്യം പോലൊരു പടത്തില്‍ വരാനായത് വലിയ അനുഗ്രഹമാണ്.

രണ്ടാം ഭാഗം വന്നപ്പോള്‍, സഹദേവന്‍ എന്താണ് ഇല്ലാത്തതെന്ന് ചോദിച്ച് ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. സഹദേവന് പണി പോയി, പണി കിട്ടിയിരിക്കുകയാണ് എന്നാണ് എല്ലാവരോടും പറഞ്ഞത്. ഇനി സഹദേവന് പണി കിട്ടണമെങ്കില്‍ ജീത്തു തന്നെ വിചാരിക്കണം. മൂന്നാം ഭാഗത്തില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,’ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

ദൃശ്യം 2 കണ്ടപ്പോള്‍ ജീത്തുവിന് ഇതെല്ലാം എങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നുവെന്ന് അത്ഭുതപ്പെട്ടുവെന്നും ഷാജോണ്‍ പറഞ്ഞു. ഭീകരനാണവന്‍ ഭീകരന്‍ എന്നു പറയും പോലെയാണ് ജീത്തുവിന്റെ കാര്യമെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 18ന് രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ദൃശ്യത്തിന്റെ രണ്ടാം ഭാഗം നിരാശപ്പെടുത്തിയില്ലെന്നാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായം. ത്രില്ലറുകള്‍ സൃഷ്ടിക്കാനുള്ള ജീത്തു ജോസഫിന്റെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് വിവിധ ഭാഷകളിലുള്ള സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Drishyam 2, Kalabhavan Shahjon says he is sad for not getting a chance in the movie

We use cookies to give you the best possible experience. Learn more