കൊച്ചി: ദൃശ്യം2വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. രണ്ടാം ഭാഗം നിരാശപ്പെടുത്തിയില്ലെന്നും മികച്ചതാണെന്നുമുള്ള അഭിപ്രായങ്ങള്‍ക്കൊപ്പം തന്നെ തിരക്കഥയും സംവിധാനവും പലയിടത്തും പാളിയെന്നും പലരും പറയുന്നുണ്ട്. ചിത്രത്തില്‍ പൊലീസിനെയും നിയമപാലക സംവിധാനത്തെയും അവതരിപ്പിച്ചിക്കുന്നതിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പൊലീസ് നടത്തുന്ന അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ദൃശ്യം 2 ന്യായീകരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പറഞ്ഞു. ‘ പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്പാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും.
‘നിയമത്തിനു മുന്നില്‍ തെളിവ് മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്. ശുദ്ധ പോക്രിത്തരമാണ്’ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന പൊലീസിന്റെ നിയമവിരുദ്ധ നടപടികള്‍ വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ, സമൂഹത്തിനു അപകടകരമായ ഒന്നാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
”സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്നു ഐ.ജി ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്,’ ഹരീഷ് പറയുന്നു.
സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണമെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു
ഫെബ്രുവരി 18 രാത്രിയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ചിത്രം റിലീസ് ആവുകയായിരുന്നു.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. ആദ്യ ഭാഗം ചെയ്ത ജീത്തു ജോസഫ് തന്നെയാണ് രണ്ടാം ഭാഗത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അയുക്തികമായ പലതുമുണ്ട് ദൃശ്യം 2ല്‍. അതൊരു ആവറേജ് ക്രൈം ത്രില്ലര്‍ പോലുമല്ല, പോട്ടെ. പോപ്പുലര്‍ സിനിമയില്‍ സംവിധായകന്‍ ന്യായീകരിക്കുന്ന, വികസിത ജനാധിപത്യ സമൂഹത്തിനു അസഹനീയമായ ഒന്നുണ്ട്. സമൂഹത്തിനു അപകടകരമായ ഒന്ന്.
പൊലീസിന് സംശയമുണ്ട് എന്നതിന്റെ മാത്രം പേരില്‍, കോടതി വെറുതേ വിട്ട ഒരുവന്റെ വീട്ടില്‍ എമ്പാടും ബഗ് വെയ്ക്കുക, വോയ്സ് റിക്കാര്‍ഡ് ചെയ്യുക, അവരുടെ പ്രൈവസിയിലേക്ക് നിരന്തരം ഒളിഞ്ഞു നോക്കുക, എന്നിട്ട് ഷാഡോ പൊലീസെന്നു പേരും.
‘നിയമത്തിനു മുന്നില്‍ തെളിവ് മൂല്യമില്ല – ലീഡ് കിട്ടാനാണ്’ എന്നൊക്കെ പറയുന്നെങ്കിലും അത് അങ്ങേയറ്റം നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവല്‍ക്കരിക്കുന്നുണ്ട്. ശുദ്ധ പോക്രിത്തരമാണ്.
‘സിസ്റ്റമിക് സപ്പോര്‍ട്ടൊന്നും ഞങ്ങള്‍ക്ക് കിട്ടുന്നില്ല’ എന്നു ഐ.ജി ജഡ്ജിയുടെ ചേംബറില്‍ പോയി പറയുന്ന സീനുണ്ട്. പോലീസ് സംശയിക്കുന്നവന്റെയൊക്കെ വീട്ടില്‍ ഒളിക്യാമറ വെച്ചു റിക്കാര്‍ഡ് നടത്തി കേസ് തെളിയിക്കാന്‍ സ്റ്റേറ്റ് മിഷനറി കൂടി പോലീസിനെ സഹായിക്കണം എന്നാവും സംവിധായകന്‍ ഉദ്ദേശിച്ചത്. സത്യം പറഞ്ഞാല്‍, ജോര്‍ജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താല്‍ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്.
പോലീസ് സംശയിക്കുന്ന ആളുകളുടെയൊക്കെ പ്രൈവസിയിലേക്ക് സ്റ്റേറ്റിന് നിരന്തരം ഒളിഞ്ഞു നോക്കാന്‍ അവസരം നല്‍കുന്നത് ക്രൈം കുറയ്ക്കാന്‍ നല്ലതല്ലേ എന്നു സംശയിക്കുന്ന നിഷ്‌കളങ്ക ഊളകള്‍ ഏറെയുള്ള കാലമാണ് സിനിമയിലും അത് വെളുപ്പിച്ചെടുക്കാന്‍ നോക്കുന്നത്.
NB: സിനിമയല്ലേ, ഇങ്ങനെയൊക്കെ പറയണോ എന്നു ചോദിക്കുന്നവരോട്, ഏറ്റവുമധികം മനുഷ്യരുടെ ചിന്തകളെ, അഭിപ്രായങ്ങളേ സ്വാധീനിക്കുന്ന മാധ്യമമാണ്. സിനിമകള്‍ എങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്ന് ഗൂഗിള്‍ ചെയ്തു നോക്കണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Drishyam 2 justifies Police’s illegal action says Adv. Harish Vasudevan