അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 മികച്ച പ്രകടനവുമായി ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് അതേ പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ചിത്രം 10 ദിവസം കൊണ്ട് 200 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്.
അതേസമയം അജയ് ദേവ്ഗണിന്റെ ഏറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയിലേക്കാണ് ദൃശ്യം 2 സ്ഥാനം പിടിച്ചിരിക്കുന്നത്. ഏറ്റവുമധികം കളക്ഷന്‍ നേടിയ താരത്തിന്റെ ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ സ്ഥാനം. 2020ല്‍ പുറത്തുവന്ന തന്‍ഹാജിയാണ് ഒന്നാമത്. 367 കോടിയാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 2017ല്‍ പുറത്തിറങ്ങിയ ഗോല്‍മാലാണ് രണ്ടാമത്. 311 കോടിയാണ് ഗോല്‍മാല്‍ എഗെയ്‌നിന്റെ ടോട്ടല്‍ കളക്ഷന്‍.
2019ല്‍ പുറത്തിറങ്ങിയ ടോട്ടല്‍ ധമാല്‍ 228 കോടിയാണ് നേടിയത്. 220 കോടി നേടിയ സിങ്കം റിട്ടേണ്‍സാണ് നാലാമതുള്ളത്. റിലീസ് ചെയ്ത് കേവലം പത്ത് ദിവസം മാത്രമായ ദൃശ്യം 2 ആണ് പട്ടികയില്‍ അഞ്ചാമതുള്ളത്. ഇങ്ങനെ പോവുകയാണെങ്കില്‍ അധികം വൈകാതെ ചിത്രം 300 കോടി കടക്കുമെന്നും അജയ് ദേവ്ഗണിന്റെ ഏറ്റവും വലിയ വിജയചിത്രമാവുമെന്നുമാണ് അനലിസ്റ്റുകള്‍ പറയുന്നത്.
നവംബര്‍ 18നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ആദ്യ ആഴ്ച ലോകമെമ്പാടും നിന്നുമായി 152.10 കോടി രൂപയാണ് നേടിയിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ പതിപ്പും ബോളിവുഡില്‍ വന്‍ വിജയമായിരുന്നു. 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം നിഷികാന്ത് കാമത്താണ് സംവിധാനം ചെയ്തത്.
അഭിഷേക് പഥക്കാണ് ദൃശ്യം 2ന്റെ സംവിധായകന്‍. ഭുഷന്‍ കുമാര്‍, മങ്കട് പതക്, അഭിഷേക് പഥക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വയാകോം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
അജയ് ദേവ്ഗണിനോടൊപ്പം തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: drishyam 2 is going to break the record of ajay devgan’s movies