| Wednesday, 28th December 2022, 10:04 pm

272 കോടി കളക്ഷന്‍; സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ ദൃശ്യം 2ന്റെ തേരോട്ടം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ദൃശ്യ’ത്തിന്റെ രണ്ട് ഭാഗങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് അജയ്ദേവ്ഗണ്‍ ആയിരുന്നു. ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ജനപ്രീതി നേടിയ ചിത്രമായതിനാല്‍ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം വന്നതു മുതല്‍ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട മലയാളം ഒറിജിനല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയതോടെ മറുഭാഷകളിലെ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക്, കന്നഡ ഭാഷകള്‍ക്ക് പിന്നാലെയെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്ക് ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു.

അതില്‍ ദൃശ്യം2 ന് ലഭിച്ച ബോക്സ് ഓഫീസ് കളക്ഷന്‍ അമ്പരിപ്പിക്കുതാണ്. ഇപ്പോഴും സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആകെ നേടിയത് 227.94 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് വാരാന്ത്യത്തില്‍ മാത്രം 3.26 കോടിയാണ് ചിത്രം നേടിയത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തത്.

രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രാഹ്മാസ്ത്രയാണ് 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. 254 കോടിയാണ് ആ ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് കശ്മീര്‍ ഫയല്‍സാണുള്ളത്. 247 കോടിയാണ് ചിത്രത്തിന്റെ മുഴുവന്‍ കളക്ഷന്‍. ദൃശ്യം ഇതുപോലെ തിയറ്ററുകളില്‍ തുടര്‍ന്നാല്‍ 2022ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

അജയ് ദേവഗണും തബുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദൃശ്യം 1ന്റെ ഹിന്ദി റീമേക്ക് ചെയ്ത സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ മരിച്ചു. തുടര്‍ന്നാണ് രണ്ടാം ഭാഗം അഭിഷേക് പഥക് സംവിധാനം ചെയ്തത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളില്‍ ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: drishyam 2 crossed box office collections

We use cookies to give you the best possible experience. Learn more