കൊച്ചി: ഒ.ടി.ടി റിലീസ് ചെയ്യുന്ന ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം ചേംബര്‍ നിലപാടിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രം വേണ്ടെങ്കില്‍ വേണ്ട എന്ന് പറയേണ്ടത് തിയേറ്റര്‍ ഉടമകളാണെന്നും ഫിലിം ചേംബര്‍ അല്ലെന്നും ആന്റണി പറഞ്ഞു.
കരാറില്ലാത്ത സിനിമയ്ക്ക് ഏത് പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കണമെന്നത് നിര്‍മ്മാതാക്കളുടെ അവകാശമാണ് ഫിലിം ചേംബറിന്റെ അനുമതി ഇതിനാവശ്യമില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. മാതൃഭൂമിയോട് ആയിരുന്നു ആന്റണിയുടെ പ്രതികരണം.
പ്രത്യേക സാഹചര്യത്തിലാണ് ദൃശ്യം 2 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചതെന്നും വിവാദങ്ങളിലേക്ക് മോഹന്‍ലാലിനെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു. വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്റര്‍ റിലീസിന് തൊട്ടുപിന്നാലെ ഒ.ടി.ടി റിലീസ് വന്നു. ഇതിനെ കുറിച്ച് ചേംബറിന് പറയാനുള്ളത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഫിലിം ചേംബറിന്റെ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും രംഗത്ത് എത്തിയിരുന്നു. സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ദൃശ്യം 2 ഒ.ടി.ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി.
നേരത്തെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു.മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്‌തേക്കാമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഫിലിം ചേംബര്‍ നിലപാട് വ്യക്തമാക്കിയത്.
ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളോ താരങ്ങളോ കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ ആഗ്രഹം മാത്രമാണെന്നായിരുന്നു ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞത്.
നേരത്തെ വിവിധ അഭിമുഖങ്ങളില്‍ ഒ.ടി.ടി റിലീസിന് പിന്നാലെ തിയേറ്ററുകളില്‍ ദൃശ്യം 2 റിലീസ് ചെയ്‌തേക്കുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ് മോഹന്‍ലാലിന്റെ പരാമര്‍ശം തള്ളി ഫിലിം ചേംബര്‍ രംഗത്ത് എത്തിയത്.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്.
മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍. 2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Drishyam 2 controversy; Antony Perumbavoor against the Film Chamber