| Monday, 22nd February 2021, 1:15 pm

ദൃശ്യത്തിലെ അവസാന രംഗത്തെ എക്‌സ്‌പ്രെഷന്‍ പോലെ തന്നെയായിരുന്നു എന്റെ അവസ്ഥയും; 'ജോര്‍ജ്ജു കുട്ടിയുടെ അഭിഭാഷക' പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 ല്‍ ജോര്‍ജുകുട്ടിയേയും കുടുംബത്തേയും രക്ഷിക്കാനായി എത്തുന്ന അഭിഭാഷക രേണുകയെ പലരും മറന്നുകാണില്ല.

ചടുലമായ ഭാഷയില്‍ കേസ് വാദിക്കുകയും ഒടുവില്‍ തന്നെപ്പോലും അന്താളിപ്പിക്കുന്ന തരത്തില്‍ ജോര്‍ജ്ജുകുട്ടി കേസിനെ മാറ്റി മറിച്ചപ്പോള്‍ പകച്ചുപോവുകയും ചെയ്ത വക്കീലിന്റെ എക്‌സ്പ്രഷന് കയ്യടിച്ചവരും ഏറെയാണ്.

ദൃശ്യം 2 നല്‍കിയ സൗഭാഗ്യത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും പറയുകയാണ് ചിത്രത്തില്‍ രേണുക എന്ന കഥാപാത്രമായി വേഷമിട്ട ശാന്തിപ്രിയ. ദൃശ്യത്തിലെ അവസാനത്തെ രംഗത്തിലെ എക്‌സ്‌പ്രെഷന്‍ പോലെ തന്നെയായിരുന്നു യഥാര്‍ത്ഥത്തിലുള്ള തന്റെ അവസ്ഥയെന്നും പറയുകയാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാന്തി.

രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം(ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയുടെ അഭിഭാഷക) എല്ലാവരും കൊതിക്കുന്ന ഒരു റോളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ശരിക്കും തന്റെ ഭാഗ്യം തന്നെയാണെന്നും അവരോടൊപ്പം അഭിനയിച്ചത് താന്‍ തന്നെ ആണെന്ന് ഇപ്പോഴും വിശ്വാസം വരുന്നില്ലെന്നും ശാന്തി പറയുന്നു.

ചെറുതിലെ മുതല്‍ കണ്ടു ആരാധിച്ച വ്യക്തികളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ദൃശ്യത്തിലെ അവസാനത്തെ രംഗത്തിലെ എക്‌സ്പ്രഷന്‍ പോലെ തന്നെയായിരുന്നു എന്റെ അവസ്ഥയും. ഞാന്‍ ആഗ്രഹിച്ചതില്‍ കൂടുതല്‍ എനിക്ക് കിട്ടി. ഇതിനു മുകളില്‍ ഒന്നും കിട്ടാനില്ല, ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതില്‍ ഏറ്റവും വലിയ അംഗീകാരമാണ്.

ട്വിസ്റ്റോടു ട്വിസ്റ്റുള്ള ഒരു സിനിമയാണ് ഇത്. അതിലുപരി ജീത്തു ജോസഫ് സാറിന്റേയും ലാലേട്ടന്റേയും സിനിമ, അതിലൂടെ ഞാനും ദൃശ്യമായി, വിളിക്കുന്നവരെല്ലാം അനുമോദനങ്ങള്‍ കൊണ്ട് പൊതിയുന്നു, ഇതൊക്കെ ഒരു സ്വപ്നം പോലെ തോന്നുകയാണ്.

അറിയുന്നവരും അറിയാത്തവരും പണ്ട് ഒരുമിച്ചു പഠിച്ചവരും സഹപ്രവര്‍ത്തകരും എല്ലാം വിളിക്കുകയാണ്. മനസ്സ് നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. ഇതുപോലെയുള്ള നല്ല സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം, ശാന്തി പറയുന്നു.

വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്നും അവരെ കണ്ടുപഠിക്കേണ്ടതാണെന്നും അഭിമുഖത്തില്‍ ശാന്തി പറയുന്നു.

‘ഇത്രയും വലിയ നടന്മാരെ അടുത്ത് കാണുമ്പോള്‍ നമുക്ക് എങ്ങനെ അവരോടു പെരുമാറണം, എങ്ങനെ സംസാരിക്കും എന്നൊക്കെ ആശങ്ക ഉണ്ടാകും, പക്ഷേ തുറന്നു പറയാമല്ലോ ആ ഒരു കാര്യത്തില്‍ അവര്‍ രണ്ടും ഒരുപോലെ ഡൗണ്‍ ടു എര്‍ത്ത് ആണ്. അവര്‍ നമ്മുടെ സാഹചര്യത്തിലേയ്ക്ക് ഇറങ്ങി വന്നു വെറും ഒരു സാധാരണക്കാരനെപോലെ നമ്മളോട് സംസാരിക്കും, അപ്പോള്‍ നമുക്ക് ഒരു ബുദ്ധിമുട്ടും തോന്നില്ല. അവര്‍ മറ്റുള്ളവരോട് പെരുമാറുന്നതും ഓരോ ഷോട്ടിനെയും സമീപിക്കുന്നതുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്’, ശാന്തി പറഞ്ഞു.

അഭിനയമാണോ ജോലിയാണോ എളുപ്പമെന്ന ചോദ്യത്തിന് രണ്ടും എളുപ്പമല്ലെന്നായിരുന്നു ശാന്തിയുടെ മറുപടി. അഭിനയം ഒട്ടും എളുപ്പമല്ല എന്ന് മനസിലായി. മറ്റൊരാളെപ്പറ്റി പഠിച്ച് അയാളായി മാറുകയാണ്. മേക്കപ്പ് ഇടുന്നതു മുതല്‍ നമ്മള്‍ അയാളാണ്. മറ്റൊരാളിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു അയാളായി മാറുക എന്നുള്ളത് അത്ര എളുപ്പമല്ല.

ഒടുവില്‍ ഡയലോഗ് പഠിച്ച് ഒട്ടും വീഴ്ചയില്ലാതെ ഡബ്ബ് ചെയുമ്പോള്‍ മാത്രമാണ് ആ ജോലിയും തീരുക. സ്‌ക്രിപ്റ്റ് സിനിമയുടെ ജീവനാണ്. ജീത്തു ജോസഫ് സാറിന്റെ സ്‌ക്രിപ്റ്റ് ഒക്കെ നമ്മള്‍ അതുപോലെ തന്നെ പറഞ്ഞെ മതിയാകു. സ്‌ക്രീനില്‍ കാണുന്നപോലെ അത്ര എളുപ്പമല്ല ഇതൊന്നും എന്ന് മനസ്സിലായി. പക്ഷേ ചെയ്തതിനെപ്പറ്റി നല്ല അഭിപ്രായം കിട്ടുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്, ശാന്തിപ്രിയ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Drishyam 2 Actress Shanti Priya Says About Her Role

Latest Stories

We use cookies to give you the best possible experience. Learn more