തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി; കോര്‍പറേഷന്‍ പരിധിയില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി
Kerala News
തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി; കോര്‍പറേഷന്‍ പരിധിയില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 8:02 pm

തിരുവനന്തപുരം: തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. പമ്പിങ് അറ്റകുറ്റ പണികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കോര്‍പറേഷന്‍ പരാജയപ്പെട്ടു. പൈപ്പുകളുടെ അലൈന്‍മെന്റ് തെറ്റിയതാണ് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായത്. തിരുവനന്തപുരത്തെ കിള്ളിപ്പാലത്ത് റെയില്‍വേ പാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മാണ നടപടികള്‍ക്കിടെയാണ് കുടിവെളള പ്രതിസന്ധിയുണ്ടായത്.

നിലവില്‍ ജില്ലയിലെ കുടിവെള്ള വിതരണം നിലച്ചതോടെ നാളെ (തിങ്കളാഴ്ച) തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോര്‍പറേഷന് സമീപത്തായുള്ള നൂറോളം വാര്‍ഡുകളുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്കാണ് അവധി ബാധകമാകുക. സ്ഥലത്തെത്തിയ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഒന്നര മണിക്കൂറിനുള്ളില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരത്തെ കുടിവെള്ള പ്രതിസന്ധി ജില്ലയിലെ അഞ്ച് ലക്ഷം ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. ജില്ലയിലെ 44 വാര്‍ഡുകളില്‍ ഇതുവരെ കുടിവെള്ളം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്കായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടാങ്കറുകള്‍ ഓരോ ലോഡ് വെള്ളം വീതം വാര്‍ഡുകളിലെത്തിക്കുന്നുണ്ട്. എന്നാല്‍ ടാങ്കറുകള്‍ കൃത്യ സമയത്ത് വാര്‍ഡുകളില്‍ എത്തുന്നില്ലെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് അടുത്ത ദിവസം കുടിവെള്ളം തടസപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്രയും ദിവസം കുടിവെള്ളം കിട്ടാതിരിക്കുമെന്ന് കരുതിയില്ലെന്ന് ആളുകള്‍ പ്രതികരിച്ചിരുന്നു.

‘വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ വെള്ളം ഉണ്ടാകില്ല,’ എന്നായിരുന്നു അറിയിപ്പ്. കുടിവെള്ള പ്രതിസന്ധിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

കാലി ബക്കറ്റും കുടവും ഉയര്‍ത്തിക്കൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്.

Content Highlight: Drinking water crisis in Thiruvananthapuram; Schools holiday in corporation limits on Monday