| Thursday, 22nd March 2018, 4:52 pm

മലയാളി കുടിക്കുന്നത് മലിനമായ വെള്ളം, ജലജന്യരോഗങ്ങള്‍ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്

എ പി ഭവിത

സംസ്ഥാനത്തെ പൊതു കിണറുകളും പുഴകളും മലിനമാണെന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എണ്‍പത്തിമൂന്ന് ശതമാനം കിണറുകളും മലിനമാണ്. അറുപത്തിയാറ് ലക്ഷം പൊതുകിണറുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ എണ്‍പത്തിമൂന്ന് ശതമാനത്തിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്.

നാല്പത്തിനാല് നദികളിലും മാലിന്യം തള്ളുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. മൂന്ന് പ്രശ്‌നങ്ങളാണ് പുഴകള്‍ നേരിടുന്നതെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യം, ലവണാംശം, രാസമാലിന്യം എന്നിവയാണ് പുഴകള്‍ക്ക് ഭീഷണി. നാല് വര്‍ഷമായി നടത്തിയ പഠന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

പഠനത്തിന് നേതൃത്വം നല്‍കിയ സി.ഡബ്ലു.ആര്‍.ഡി.എമ്മിലെ സീനിയര്‍ സയന്റിസ്റ്റ് പി.എസ് ഹരികുമാര്‍ വിശദീകരിക്കുന്നു. ” ഗ്രാമപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളാണ് പ്രധാനമായും പരിശോധിച്ചത്. തീരദേശത്തേയും മലയോര മേഖലയിലേയും ഉള്‍പ്പെടെയുള്ള കിണറുകളിലെ വെള്ളം ശേഖരിച്ചായിരുന്നു പഠനം. ആ പഠനത്തിലാണ് വെള്ളത്തില്‍ ബാക്ടീയയുടെ സാന്നിധ്യം കണ്ടെത്തിയത്. തീരദേശത്തെ കിണറുകളാണ് ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ടത്. ജനസാന്ദ്രത കുറവായതിനാല്‍ മലയോര മേഖലയിലെ കിണറുകളില്‍ മാലിന്യത്തിന്റെ തോത് കുറവാണ്. ജനസാന്ദ്രതയേറുമ്പോള്‍ കിണറുകള്‍ മോശമാകാന്‍ സാധ്യത കൂടുതലാണ്. മണ്ണിന്റെ സ്വഭാവവും പ്രധാനമാണ്. ഉപ്പ് സാന്നിധ്യമുള്ള മണ്ണിലൂടെ ബാക്ടിരിയ്ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാന്‍ പറ്റും. അതുകൊണ്ട് കൂടിയാണ് തീരദേശത്തെ കിണറുകള്‍ മലിനമാകുന്നത്”. ഹരികുമാര്‍ പറഞ്ഞു.

ശാസ്ത്രീയമായി കിണറുകള്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച് ചില മോഡലുകള്‍ സി.ഡബ്ലു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലായിരുന്നു പ്രൊജക്ടുകള്‍. യൂനിസെഫിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ പദ്ധതി വിജയമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ശുദ്ധജലം സംരക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് ഇതെല്ലാം ഉദാഹരണമാക്കിക്കൊണ്ടാണ് സി.ഡബ്ലു.ആര്‍.ഡി.എം സംസ്ഥാന സര്‍ക്കാറിന് ഒരു വര്‍ഷം മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.


നാല്പത്തിനാല് പുഴകളിലേക്കും ഖര-ദ്രവ്യ മാലിന്യങ്ങള്‍ ഒഴുക്കി വിടുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പമ്പ, പെരിയാര്‍, മീനച്ചിലാര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ മലിന്യമാക്കപ്പെട്ടിരിക്കുന്നത്. പെരിയാറിനും വളപട്ടണം പുഴക്കും സമീപത്തുള്ള വ്യവസായ സ്ഥാപനങ്ങളാണ് ഭീഷണി ഉയര്‍ത്തുന്നത്. ഒഴുക്ക് നിലയ്ക്കുന്നതിലൂടെയാണ് പുഴകളിലെ മാലിന്യം കൂടുന്നതെന്നും പഠനം പറയുന്നു. നഗര പ്രദേശങ്ങളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലുമാണ് പുഴ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെടുന്നത്. കുടിവെള്ള വിതരണത്തിനായി നിര്‍മ്മിക്കുന്ന തടയണകള്‍ പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയാണ്. അശാസ്ത്രീയമായി കെട്ടിടങ്ങളും കിണറുകളും നിര്‍മ്മിക്കുന്നതും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

“വേണ്ടരീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നില്ല എന്നതാണ് ജലസ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നതിന് പ്രധാന കാരണം. നഗര പ്രദേശങ്ങളില്‍ പുഴകളിലെ മാലിന്യ തോത് കൂടുന്നത് അതാണ് സൂചിപ്പിക്കുന്നത്. കിണറുകളില്‍ കക്കൂസ് മാലിന്യം തന്നെയാണ് പ്രശ്‌നമുണ്ടാക്കുന്നത്. നിര്‍ദേശിക്കപ്പെട്ട ദൂരപരിധി പാലിക്കാതെയാണ് കിണറും കക്കൂസും നിര്‍മ്മിക്കുന്നത്. ശാസ്ത്രീയമായി ഇവ നിര്‍മ്മിക്കുക എന്നതാണ് പോംവഴി. മൂന്ന് അറകളുള്ള സെപറ്റിക് ടാങ്കുകള്‍ നിര്‍മ്മിക്കണം. അല്ലാതെ വെറും കുഴിവെട്ടിയിടരുത്. അത്തരം കുഴികളിലൂടെ കക്കൂസ് മാലിന്യം ഊര്‍ന്നിറങ്ങി കിണറുകളില്‍ എത്തും. കിണറുകള്‍ ബ്ലീച്ചിംങ്ങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുകയും വേണം. ഇല്ലെങ്കില്‍ ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിലും കൂടും. ഇപ്പോള്‍ തന്നെ പല രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി” ഹരികുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ എഴുപത്തിമൂന്ന് ശതമാനവും മലിനമാണെന്ന് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. കുടിവെള്ള പ്രശ്‌നം രൂക്ഷമാവുന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

We use cookies to give you the best possible experience. Learn more