പ്രളയബാധിത മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെന്ന് റിപ്പോര്‍ട്ടുകള്‍
FOOD AND WATER QUALITY
പ്രളയബാധിത മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 3:05 pm

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങളടക്കമുള്ളവ തകരുകയാണുണ്ടായതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പ്രളയ മേഖലകളായ ആലപ്പുഴ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ കിണറുകളില്‍ വന്‍തോതില്‍ ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതായി സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മില്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

കോളിഫോം പോലുള്ള ബാക്ടീരിയകളുടെ സാന്നിദ്ധ്യം കുടിവെള്ളം ഉപയോഗശൂന്യമാക്കിയ അവസ്ഥയാണുള്ളത്. നിരവധി രോഗങ്ങള്‍ക്കും പകര്‍ച്ചാവ്യാധികള്‍ക്കും കാരണമാകുന്നവയാണ് കോളിഫോം ബാക്ടീരിയകല്‍. ഇവ കലര്‍ന്ന ജലമുപയോഗിക്കുന്നതിലൂടെ കോളറ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്.

പ്രളയത്തിന് ശേഷം കൃത്യമായ രീതിയില്‍ ക്ലോറിനേഷന്‍ നടത്താത്തത് ജലത്തിലെ ബാക്ടീരിയകളെ വര്‍ധിപ്പിക്കുന്നു. കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, വയനാട് ഉള്‍പ്പെട്ട പ്രളയബാധിത പ്രദേശങ്ങളിലെ കിണര്‍വെള്ളം പരിശോധിച്ചതില്‍ നിന്നുമാണ് ബാക്ടീരിയകള്‍ വെള്ളത്തില്‍ പെരുകുന്നതായി കണ്ടെത്തിയത്.


ALSO READ: നിപയുടെ മറവില്‍ സൂപ്പിക്കടയില്‍ ആത്മീയ വ്യാപാരത്തിനു ശ്രമം: വിശ്വാസത്തെ ചൂഷണംചെയ്യുന്ന മഖ്ബറ നിര്‍മാണത്തെ എതിര്‍ക്കുമെന്ന് കുയ്യണ്ടം മഹല്ല് ഖത്തീബ്


ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ ജില്ലയിലെ പ്രളയബാധിത മേഖലകളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക എന്നതുമാത്രമാണ് ഇതില്‍ നിന്നും കുടിവെള്ളത്തെ വേര്‍തിരിച്ചെടുക്കാനുള്ള പ്രധാന പോംവഴി.

സെപ്റ്റിക് ടാങ്ക്, മലിനജലക്കുഴി,എന്നിവിടങ്ങളില്‍ നിന്നാണ് കിണറുകളില്‍ കോളിഫോം ബാക്ടീരിയ പകരുന്നത്. നിശ്ചിത അകലം പാലിച്ച് മാത്രമേ സെപ്റ്റിക് ടാങ്കും, മലിനജലക്കുഴികളും നിര്‍മ്മിക്കുന്നതാണ് ഇതിനുള്ള ഏക പോംവഴി.

ഈ ദൂരപരിധിയിലല്ലാത്ത കിണറുകളിലാണ് കോളിഫോം ബാക്ടീരിയ പെരുകുന്നത്. സ്ഥലപരിമിതി കാരണം രണ്ടോ മൂന്നോ മീറ്റര്‍പോലും അകലമില്ലാതെയാണ് ഇപ്പോള്‍ ഇവയുടെ നിര്‍മാണം.

 

പരിശോധനയില്‍ കിണര്‍വെള്ളത്തില്‍ ബാക്ടീരിയയുടെ 500 മുതലുള്ള കോളനികള്‍ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ ഇത് 2000 മുതല്‍ 3000 വരെയാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം നദീജലത്തിലും കോളിഫോം ബാക്ടീരിയകലുടെ അളവ് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന് ശേഷം നദികളിലെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഈ സ്രോതസ്സുകളിലും കോളിഫോം ബാക്ടീരിയകളുടെ അളവ് വര്‍ധിക്കുന്നതായാണ് കണക്കാക്കുന്നത്.

“കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കേരളത്തിലെ കിണറുകളില്‍ കണ്ടെത്തിയെന്നു പറയാന്‍ ചതുടങ്ങിയിട്ട് കാലങ്ങളേറേയാണ്. മൂന്ന് വര്‍ഷത്തിലധികമായി കിണറുകളിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിദ്ധ്യം ഉണ്ടെന്ന പഠനങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട്.

ഇപ്പോള്‍ കോളിഫോം ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയെന്നറിയപ്പെടുന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വളരെയധികം ജനസംഖ്യ കൂടുതലുള്ള ജില്ലകളാണ്. കൃത്യമായ സെപ്റ്റിക് ടാങ്കുകള്‍ ഇല്ലാത്തതും കിണറുകള്‍ പരസ്പരം നിശ്ചിത ദൂരമല്ലാത്തതും ബാക്ടീരിയകളുടെ വ്യാപനം വര്‍ധിപ്പിക്കുകയാണ്.

നഗരത്തിലെയും ഗ്രാമത്തിലെയും മലമൂത്രവിസര്‍ജനങ്ങള്‍ ഉള്‍പ്പെടയുള്ള മാലിന്യങ്ങള്‍ കൃത്യമായ രീതിയില്‍ സംസ്‌കരിക്കാന്‍ ഇടമില്ലാത്ത അവസരത്തിലാണ് അവ പുഴകളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും നിക്ഷേപിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. ഇത് ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ കുടിവെള്ളത്തില്‍ ബാക്ടീരിയ കലരുന്നത് തടയാന്‍ സാധിക്കുകയുള്ളു”- എന്ന് ചാലക്കുടി റിവര്‍ സംരക്ഷണ സമിതി അംഗവും പരിസ്ഥിതി പ്രവര്‍ത്തകനുമായി ആര്‍. രജനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണാന്‍ കഴിയുകയുള്ളു.


ALSO READ: പഠിക്കുന്നത് എല്‍.കെ.ജിയില്‍ അല്ല എം.ബി.ബി.എസിനാണ്’; 7.30ന് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന സമയപരിധി മാറ്റാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം


പ്രളയം കൂടി വന്നതോടെ സംസ്ഥാനത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. താല്‍ക്കാലിക പരിഹാരം എന്ന നിലയ്ക്ക് ലഭിക്കുന്ന കുടിവെള്ളം തിളപ്പിച്ചാറ്റി കുടിക്കുക എന്നത് മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അതുപോലെത്തന്നെ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സുകള്‍ പൂര്‍ണ്ണമായും ബാക്ടീരിയ സാന്നിദ്ധ്യം ഇല്ലാത്തതാണെന്ന് ഉറപ്പ് വരുത്തുക.

അതിന് ആവശ്യം മേഖല തിരിച്ചുള്ള കുടിവെള്ള പരിശോധനയാണ്. പുഴകളിലെ ജലവിതാനത്തെ രണ്ടായി തിരിച്ച് പരിശോധന നടത്തി അവയില്‍ നിന്നും വെള്ളം ആവശ്യത്തിനായി എടുക്കേണ്ടതാണ്. ഇതില്‍ ഏറ്റവുംകൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് പഞ്ചായത്ത് അധികൃതര്‍ക്കാണ്.

 

 

Image result for കോളിഫോം ബാക്ടീരിയ

പ്രദേശങ്ങളിലെ സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സംഭരണിയും തമ്മിലുള്ള ദൂരം, അവ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതു കുടാതെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാനുള്ള മാര്‍ഗ്ഗങ്ങളും അവലംബിക്കേണ്ടതാണ്.

പലപ്പോഴും കോളിഫോം ബാക്ടീരിയയെ തുരത്താന്‍ ക്ലോറിനേഷന്‍ ചെയ്താല്‍ സാധിക്കുമെന്ന് ധാരണനിലനില്‍ക്കുന്നുണ്ട്. ശാസ്ത്രീയമായി ചെയ്യേണ്ട പ്രവര്‍ത്തിയാണ് ക്ലോറിനേഷന്‍. ഓരോ സ്രോതസ്സിന്റെയും ശരിയായ അളവിന് അനുപാതമായിട്ടായിരിക്കണം ക്ലോറിനേഷന്‍ നടപ്പാക്കേണ്ടത്. ഇതിനെപ്പറ്റിയുള്ള അറിവുകള്‍ നമ്മുടെ നാട്ടിലെ ഓരോരുത്തര്‍ക്കും കുറവാണ്.

അതുകൊണ്ടുതന്നെ ഭാവിയില്‍ അത് വേറേ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കാവുന്നതാണ്. ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്‌തെങ്കില്‍ മാത്രേമേ കുടിവെള്ളത്തില പ്രധാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് വിദ്ഗധനായ ആര്‍ രജനീഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.