എറണാകുളം: കുടിവെള്ള കണക്ഷന് അപേക്ഷ നല്‍കിയിട്ട് വര്‍ഷം മൂന്നായിട്ടും നീതി ലഭിക്കാതെ എറണാകുളം ആലങ്ങാട് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ്. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. മൂന്നു വര്‍ഷമായി മന്ത്രിമാരുള്‍പ്പടെ അധികാരികള്‍ക്ക് നിരന്തരം പരാതി നല്‍കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തെങ്കിലും ഫലുമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രദേശത്തുകാര്‍ സമരം ശക്തമാക്കാനൊരുങ്ങുന്നത്.
ആലങ്ങാട് പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അതിര്‍ത്തി പ്രദേശമായ പതിനേഴാം വാര്‍ഡില്‍പ്പെട്ട ഓളനാട് മുതല്‍ തിരുമുപ്പം വരെയുള്ള പ്രദേശത്താണ് വെള്ളം കിട്ടാത്തത്. ഇവിടേക്ക് ശുദ്ധജല പൈപ്പ് സ്ഥാപിക്കുക പോലും ചെയ്തിട്ടില്ല.
17ാം വാര്‍ഡിലെ തന്നെ ഓളനാടാണ് ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്നത്. നാഷണല്‍ ഹൈവേ 17നോട് ചേര്‍ന്ന് ഏറ്റവും അറ്റത്ത് നില്‍ക്കുന്ന വാര്‍ഡാണ് പതിനേഴാം വാര്‍ഡ്. മുപ്പതോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.
നേരത്തെ കിണറിലെ വെള്ളം ഉപയോഗിച്ചിരുന്നെങ്കില്‍ പ്രളയം വന്നതിന് ശേഷം കിണറുകള്‍ ഉപയോഗ ശൂന്യമായിരിക്കുകയാണ്. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ഈ സ്ഥലം.
അതേസമയം പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റോഡുമുറിച്ചു കൊണ്ട് പൈപ്പിടുന്നതിന് പി.ഡബ്ല്യു.ഡിയില്‍ നിന്ന് അനുവാദം ലഭിക്കാത്തതാണ് തടസ്സമായിരിക്കുന്നതെന്നും വാര്‍ഡ് മെമ്പര്‍ അന്ന ആന്‍സ്‌ലി പറഞ്ഞു.
പരാതിയും പ്രതിഷേധവും മാത്രം, നടപടിയില്ല
വെള്ളം കിട്ടുന്നതിന് വേണ്ടി മൂന്നു വര്‍ഷമായി പ്രദേശത്തുകാര്‍ അധികൃതരുടെ മുന്നില്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട്. പ്രധാനമായും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹീംകുഞ്ഞ് മുതല്‍ പഞ്ചായത്തിലുമെല്ലാം പരാതി നല്‍കിയിരുന്നു. ഇതിലൊന്നും നടപടി ഉണ്ടാവത്തെതിനെ തുടര്‍ന്നായിരുന്നു 2016ല്‍ ഇവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. 2016ല്‍ ആലുവാ പാലസ് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മനുഷ്യാവകാശ കമ്മീഷനുമായുള്ള കൂടിക്കാഴ്ച അന്ന് അനുകൂലമായ നിര്‍ദേശമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.
ആറുമാസം മുന്‍പ് എറാണകുളം ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍ ഉത്തരവിട്ടിരുന്നു. പക്ഷെ തുടര്‍ നടപടിയുണ്ടായില്ലെന്ന് മാത്രം.
ഏറ്റവുമൊടുവില്‍ നവംബര്‍ 28ന് ആലങ്ങാട് പഞ്ചായത്തിന് മുന്‍പില്‍ വീട്ടമ്മമാരെല്ലാം ചേര്‍ന്ന് ധര്‍ണ്ണ നടത്തിയിരുന്നു. അന്ന് പതിനേഴാം വാര്‍ഡിലെ മെംബര്‍ പറഞ്ഞത് ഒരാഴ്ചയ്ക്കുള്ളില്‍ പണി നടത്തുമെന്നായിരുന്നു. ഈ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. വാഗ്ദാനം ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വെള്ളമെത്തിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല.
ജനകീയ സമരമാണ് മാര്‍ഗം
ഏറ്റവും ഒടുവില്‍ സമരം നടത്തിയവര്‍ക്ക് പോലും നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിലാണ് ആംആദ്മി പാര്‍ട്ടിയടക്കമുള്ള കക്ഷികള്‍ ചേര്‍ത്ത് ജനകീയ സമരം നടത്താന്‍ പ്രദേശവാസികള്‍ ആലോചിക്കുന്നതെന്ന് പ്രദേശത്തുകാരനായ ജോസഫ് പറയുന്നു.
പ്രളയ സമയത്ത് തന്റെ വീട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നതായി ജോസഫ് പറയുന്നു. ഇതോടെ പരിസരത്തുള്ള കിണറുകളെ പോലും ആശ്രയിക്കാന്‍ കഴിയാതായി. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇവിടെ താമസിക്കുന്നവര്‍ക്ക് ചൊറിച്ചിലടക്കം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജോസഫ് പറയുന്നു.
സമീപ പ്രദേശങ്ങളിലടക്കം പലകുടിവെള്ള പൈപ്പുകളും പൊട്ടി ദിവസങ്ങളോളം വെള്ളം പാഴായിപ്പോകുമ്പോഴാണ് താനടക്കമുള്ളവര്‍ക്ക് വെള്ളം കിട്ടാക്കനിയാവുന്നതെന്ന് ജോസഫ് പറയുന്നു.
ടാങ്കര്‍ ലോറിയിലെങ്കിലും വെള്ളം എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയായില്ല. പൈപ്പ് ലൈനുണ്ടെങ്കിലും പതിനേഴാം വാര്‍ഡിലെ മറ്റു പ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കുടിവെള്ളത്തിന് വേണ്ടിയുള്ള സമരത്തില്‍ ഈ മുപ്പത് കുടുംബങ്ങള്‍ക്കൊപ്പം ഈ പ്രദേശത്തുകാരും ഉണ്ടെന്ന് ജോസഫ് പറയുന്നു.
ചിത്രംകടപ്പാട്: മനോരമ