Entertainment
ആരാ ഈ ജോര്‍ജുകുട്ടി ? ദൃശ്യം 2 വില്‍ എസ്.ഐ ആയി ആന്റണി പെരുമ്പാവൂരും; ചിത്രം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Nov 01, 06:12 am
Sunday, 1st November 2020, 11:42 am

കൊച്ചി: ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ കഥയേയും കഥാപാത്രങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. രണ്ടാം ഭാഗത്തില്‍ ആദ്യ ഭാഗത്തിലെ കഥയുടെ തുടര്‍ച്ചയാകുമോ അതോ പുതിയ പ്രശ്‌നങ്ങളായിരിക്കുമോ ജോര്‍ജുകുട്ടിക്ക് നേരിടേണ്ടി വരിക എന്നെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച ഉയരുന്നുണ്ട്.

ഷൂട്ടിംഗ് സെറ്റില്‍ നിന്നും പുറത്തുവരുന്ന ഓരോ ചിത്രങ്ങളും വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് പ്രധാന റോളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ദൃശ്യത്തില്‍ സ്ഥലം മാറിയെത്തുന്ന പൊലീസുകാരനായി അവസാന ഭാഗത്ത് മാത്രം വന്ന ആന്റണി പെരുമ്പാവൂരിന് ദൃശ്യം 2വില്‍ മുഴുനീള റോളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എസ്.ഐ ആയാണ് ആന്റണി പെരുമ്പാവൂരെത്തുന്നത്.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.

ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രങ്ങളെ ചെയ്ത മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dridhyam 2 Antony Perumbavoor comes as SI