| Saturday, 23rd June 2018, 10:07 am

രാഷ്ട്രീയത്തിലേക്കില്ല; സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങളും വേണ്ട; ജസ്റ്റിസ് ജെ.ചെലമേശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിരമിക്കല്‍ ദിവസം ഭാവി പരിപാടികളെക്കുറിച്ച് തീരുമാനങ്ങളുമായി ജസ്റ്റിസ് ജെ. ചെലമേശ്വര്‍. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഒരിക്കലും കടന്നുവരില്ലയെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഒരു ജോലിയിലും താല്‍പര്യമില്ലെന്നും തുറന്നുപറഞ്ഞു.

“വിരമിക്കലിനു ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ താല്‍പര്യമില്ല. ഒരിക്കലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയുമില്ല.” ചെലമേശ്വര്‍ പറഞ്ഞു. രാഷ്ട്രീയത്തെ താത്വികമായി അവലോകനം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയരംഗത്തെ നിരീക്ഷിക്കാനും അതു സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാനുമാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ചതിനു ശേഷം സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന വിഷയങ്ങളെയും നിയമവ്യവസ്ഥയെയും സംബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതുമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: ദളിത് പീഡനക്കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല; സാക്ഷികളുടെ മൊഴിമാറ്റം കോടതി വിധിയെ ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍


തുടക്കം മുതല്‍ അനീതിക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്നതിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് ചെലമേശ്വര്‍ ഇന്നലെയാണ് സുപ്രീം കോടതി ജസ്റ്റിസായി വിരമിച്ചത്. ജുഡീഷ്യറിയിലെ അഴിമതിക്കും നിയമവ്യവസ്ഥയിലെ പോരായ്മകള്‍ക്കുമെതിരെ തുറന്ന പോരാട്ടത്തിലായിരുന്നു എന്നും അദ്ദേഹം.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ താനുള്‍പ്പെടെ നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും അതില്‍ എന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ലെന്നും ചെലമേശ്വേര്‍ പറഞ്ഞു.

പടിയിറങ്ങുന്ന ദിവസവും പതറാത്ത നിലപാടുകളുമായായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ബന്ധുബലംകൊണ്ട് കോടതി ബെഞ്ചുകള്‍ നിയന്ത്രിക്കുന്ന ജഡ്ജിമാര്‍ക്കെതിരെ തുറന്നടിച്ച അദ്ദേഹം, ഇത്തരക്കാര്‍ക്ക് അധിക കാലത്തേക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തേക്ക് ഒരു കോടി വാങ്ങുന്ന വക്കീലുമാര്‍ താന്‍ എടുത്ത നിലപാടുകള്‍ക്ക് എതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ഫീസ് സാധാരണക്കാരന് താങ്ങാവുന്നതിലും കൂടുതലാണെന്ന് തുറന്നു പറയാനും അദ്ദേഹം മടിച്ചില്ല.


ALSO READ: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയില്‍; ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍


കേന്ദ്ര സര്‍ക്കാരുകള്‍ കൃത്യമായ തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തിന്റെ ആവശ്യം വരില്ലായിരുന്നു. ചീഫ് ജസ്റ്റിസുമായി പോലും കൂടിയാലോചിക്കാതെ തീരുമാനങ്ങളെടുക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ എത്തിയപ്പോഴാണ് കൊളീജിയം നിലവില്‍ വന്നത്. ഇതിലും സ്വജന പക്ഷപാതവും മറ്റു പോരായ്മകളും നിലനില്‍ക്കുന്നുണ്ട്. കൊളീജിയം നടപടികള്‍ സുതാര്യമാക്കുകയാണ് ഇതിനുള്ള പരിഹാരമെന്നും ചെലമേശ്വര്‍ സൂചിപ്പിച്ചു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more