| Saturday, 7th October 2023, 10:36 am

ഇങ്ങ് ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് WWEയിലും ഉണ്ടെടാ ഞങ്ങള്‍ക്ക് പിടി; രണ്ട് ആരാധകരും ഒരുപോലെ ത്രില്ലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ആശംസകളുമായി വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് (ഡബ്ല്യൂ.ഡബ്ല്യൂ.ഇ) സൂപ്പര്‍ താരം ഡ്ര്യൂ മാക്കിന്റ്റയര്‍ (Drew McIntyre).

ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ്, ഒക്ടോബര്‍ നാലിന് എക്‌സ് അക്കൗണ്ടിലൂടെയാണ് താരം ആശംസകള്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം തയ്യാറെടുക്കവെ മാക്കിന്റ്റയറിന്റെ ആശംസാ സന്ദേശം ആരാധകര്‍ വീണ്ടും ആഘോഷമാക്കുകയാണ്.

ഇന്ത്യയുടെ ലോകകപ്പ് ജേഴ്‌സി ധരിച്ചാണ് മാക്കിന്റ്റയര്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ അവിടെയെത്തുമ്പോഴെല്ലാം നല്‍കിയ സ്‌നേഹവും ആതിഥ്യവും ഏറെ അതിശയകരമാണെന്നും താരം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.

നേരത്തെ ഇന്ത്യയില്‍ നടന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഹൗസ് ഷോയിലും താരം ഇന്ത്യന്‍ ജേഴ്‌സി ധരിച്ചായിരുന്നു റിങ്ങിലെത്തിയത്. സെപ്റ്റംബര്‍ അവസാനം ഹൈദരാബാദിലായിരുന്നു ഷോ നടന്നത്.

ഷോയിലെ ഒരു സെഗ്മെന്റില്‍ ഇന്‍ഡസ് ഷേറില്‍ നിന്നും കെവിന്‍ ഓവന്‍സിനെയും സാമി സെയ്‌നെയും രക്ഷിക്കുന്നതിനായാണ് മാക്കിന്റ്റയര്‍ റിങ്ങിലെത്തിയത്. താരത്തിന്റെ തീം സോങ്ങായ ഗാലന്‍ട്രി അരീനയില്‍ മുഴങ്ങിക്കേട്ടപ്പോള്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സി ധരിച്ച് റിങ്ങിലെത്തിയ മാക്കിന്റ്റയറിനെ കണ്ടതോടെ ഹൈദരാബാദ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു.

നേരത്തെ ഡബ്ല്യൂ.ഡബ്ല്യൂ.ഇയും തങ്ങളുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെ മാക്കിന്റ്റയര്‍ ഇന്ത്യന്‍ ജേഴ്‌സി ധരിച്ച ചിത്രം പങ്കുവെച്ചിരുന്നു.

ഇതോടെ ക്രിക്കറ്റ് ആരാധകരും പ്രൊഫഷണല്‍ റെസ്‌ലിങ് ആരാധകരും ഒരുപോലെ ആവേശത്തിലാണ്.

അതേസമയം, ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഒക്ടോബര്‍ എട്ടിന് നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍. ചെന്നൈയിലെ എം. ചിദംബരം സ്‌റ്റേഡിയമാണ് ഇന്ത്യ – ഓസീസ് പോരാട്ടത്തിന് വേദിയാകുന്നത്.

ലോകകപ്പിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ഓസീസിനെ പരാജയപ്പെടുത്താന്‍ സാധിച്ചു എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഓസീസ് താരങ്ങള്‍ക്ക് മികച്ച ട്രാക്ക് റെക്കോഡ് ഉള്ളതിനാല്‍ ഇരു ടീമിനും തുല്യമായ സാധ്യതയാണ് കല്‍പിക്കപ്പെടുന്നത്.

അതേസമയം, സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ അനാരോഗ്യം ഇന്ത്യക്ക് മുമ്പില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ഓസീസിനെതിരായ മത്സരം ഗില്ലിന് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

‘ചെന്നൈയില്‍ വന്നതുമുതല്‍ ഗില്ലിന് നല്ല പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച അവന്റെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്നറിയാന്‍ ടെസ്റ്റുകള്‍ നടത്തും. ഉദ്ഘാടന മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കുമോയെന്നും മെഡിക്കല്‍ ടീം അറിയിക്കും.

സാധാരണ പനിയാണെങ്കില്‍ അവന് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് മുഴുവനും തീരുമാനിക്കുന്നത് മെഡിക്കല്‍ ടീമാണ്’, ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ആദ്യ മത്സരത്തില്‍ ഗില്ലിന് കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇഷാന്‍ കിഷനാകും രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്ട്രേലിയ സ്‌ക്വാഡ്

ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയ്നിസ്, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ അബോട്ട്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍).

Content highlight: Drew McIntyre wishes beast of luck for India before world cup

We use cookies to give you the best possible experience. Learn more