സ്ലീവ് ലെസ് ടോപ്പും ക്രോപ്പ് ജീന്‍സും നടയ്ക്ക് പുറത്ത്: പുരി ക്ഷേത്ര കമ്മിറ്റി
national news
സ്ലീവ് ലെസ് ടോപ്പും ക്രോപ്പ് ജീന്‍സും നടയ്ക്ക് പുറത്ത്: പുരി ക്ഷേത്ര കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th October 2023, 11:45 am

ഭുവനേശ്വര്‍: സ്ലീവ് ലെസ് ടോപ്പും, ക്രോപ്പ് ജീന്‍സും, ഹാഫ് പാന്റും ധരിച്ചെത്തുന്ന ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് പുരി ക്ഷേത്ര കമ്മിറ്റി. 12ാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ഉന്നതാധികാര കമ്മിറ്റിയായ നിതി സബ് കമ്മിറ്റിയുടെതാണ് തീരുമാനം. 2024 ജനുവരി ഒന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ക്ഷേത്ര ദര്‍ശന സമയത്ത് ഭക്തരോട് ‘മാന്യമായ’ വസ്ത്രം ധരിച്ചെത്തണമെന്ന് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണാധികാരികള്‍ (SJTA) ആവശ്യപ്പെട്ടു. പുതിയ നിയമത്തെ കുറിച്ച് ഭക്തരെ അറിയിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങളറിയിച്ചു.

‘പല തവണയായി ഭക്തര്‍ മാന്യമായ വേഷം ധരിക്കാതെ ക്ഷേത്രദര്‍ശനം നടത്തുന്നത് കണ്ടിട്ടുണ്ട്. പാര്‍ക്കിലും ബീച്ചിലും പോകുന്നത് പോലെയാണവര്‍ ക്ഷേത്രത്തില്‍ വരുന്നത്. ഇത് ക്ഷേത്രത്തിന്റെ മഹത്വത്തെ നിന്ദിക്കുന്നതിന് തുല്യമാണ്‌. കൂടാതെ ഇത് മതവികാരം വ്രണപ്പെടാനും കാരണമാകും.’ ക്ഷേത്ര ഭരാണാധികാരി രഞ്ജന്‍ ദാസ് പറഞ്ഞു. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഹാഫ് പാന്റ് ധരിക്കാമെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു.

‘ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്ന സമയത്ത് മാന്യമായ വസ്ത്രം ധരിക്കണമെന്ന രീതിയിലുള്ള നിയമങ്ങള്‍ എല്ലാ മതത്തിലുമുണ്ട്. അവര്‍ക്കും അവരുടെ ആരാധനാലങ്ങളുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതുണ്ട,് ‘അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്തര്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ജഗന്നാഥ ക്ഷേത്രം പൊലീസും പത്രിഹാരി സേവകരും പരിശോധിക്കുമെന്ന് എസ്.ജെ.ടി.എ വൃത്തങ്ങള്‍ അറിയിച്ചു.

Content highlight:  Dress code for devote in puri jagannada temple