'മനുഷ്യനെ നശിപ്പിക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല'; പെരുമഴയത്തും നിര്‍ത്താതെ മോദിക്കെതിരെ സംസാരിച്ച ശരത് പവാറിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
national news
'മനുഷ്യനെ നശിപ്പിക്കാന്‍ കഴിഞ്ഞേക്കും, പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല'; പെരുമഴയത്തും നിര്‍ത്താതെ മോദിക്കെതിരെ സംസാരിച്ച ശരത് പവാറിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 10:25 am

തോരാമഴയത്തും പ്രസംഗം നിര്‍ത്താതെ നരേന്ദ്രമോദിക്കെതിരായും ബി.ജെ.പിക്കെതിരായും തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച ശരത് പവാര്‍ സോഷ്യല്‍ മീഡിയയില്‍ താരമായി. ട്വിറ്ററില്‍ ശരത് പവാര്‍ ട്രെന്‍ഡിംഗില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടി.

തന്റെ തട്ടകമായ സത്താറയിലെ പൊതുയോഗത്തിലാണ് ഇന്നലെ ശരത് പവാര്‍ സംസാരിച്ചത്. ഇതിനിടെ പെരുമഴ വന്നെങ്കിലും നിര്‍ത്താതെ സംസാരിക്കുകയാണ് ശരത് പവാര്‍ ചെയ്തത്. ഇക്കാര്യത്തെയാണ് രാഷ്ട്രീയ ഭേദമന്യേ പലതും പുകഴ്ത്തുന്നത്.

ശരത് പവാര്‍ ഇന്നലെ നടത്തിയ പ്രസംഗം കാണിക്കുന്നത് ‘മനുഷ്യനെ നിങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതാണ്’. ഞാന്‍ അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഇത് മഹാരാഷ്ട്രയിലെ ഇനി വരുന്ന നിരവധി തലമുറയ്ക്ക് പ്രചോദനമേകും എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരു ടൂര്‍ണ്ണമെന്റാണ്. അതിലൊരു മാന്‍ ഓഫ് ദ സീരിസ് ആണുള്ളത്. അത് ശരത് പവാറാണ് എന്ന് മറ്റൊരാള്‍ കുറിച്ചു.

 

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നില്‍ നയിച്ചത് ഇക്കുറി ശരത് പവാറാണ്. പല കോണ്‍ഗ്രസ് നേതാക്കളും തങ്ങളുടെ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചപ്പോള്‍ ശരത് പവാര്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെത്തി പ്രചരണം നടത്തിയിരുന്നു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന് ശരത് പവാര്‍ മറുപടി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷത്തുനിന്നും മികച്ച ഗുസ്തിക്കാരനില്ലെന്നായിരുന്നു
ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശം. അതിന് മറുപടിയായി ആരും കുട്ടികളോട് മത്സരിക്കില്ലെന്നായിരുന്നു ശരത് പവാറിന്റെ മറുപടി. ബീഡ് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ശരത് പവാര്‍.

‘തങ്ങളുടെ ഗുസ്തിക്കാരന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ്, പക്ഷെ പ്രതിപക്ഷത്തു നിന്നും നല്ല ഗുസ്തിക്കാരൊന്നുമില്ല.
മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് റെസ്ലിംഗ് അസോസിയേഷന്‍ എന്ന പേരില്‍ സംഘടനയുണ്ടെന്നും അതിന്റെ പ്രസിഡന്റിന്റെ പേര് ശരത് പവാര്‍ എന്നാണെന്നുമായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ പരാമര്‍ശം.

എന്നാല്‍ തനിക്ക് കുട്ടികളോട് മത്സരിക്കേണ്ടതില്ല. ഞാന്‍ എല്ലാ ഗുസ്തിക്കാരുടേയും പിറകിലാണ് നില്‍ക്കുന്നതെന്നുമായിരുന്നു ശരത് പവാറിന്റെ പരാമര്‍ശം.

മഹാരാഷ്ട്രയില്‍ പോരാട്ടം നടക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതെന്നും ശരത് പവാര്‍ ചോദിച്ചു.

288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്. ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും.