പ്രതിഷേധം: കലാമിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു
Daily News
പ്രതിഷേധം: കലാമിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉപേക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th September 2015, 11:37 am

sreedevi1

തൃശൂര്‍: വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ.പി.ജെ അബ്ദുല്‍കലാമിന്റെ  “Transcendence My Spiritual Experience with Pramukh Swamiji” എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തന  പ്രകാശന ചടങ്ങ് മാറ്റിവെച്ചു.

മഹിളാ അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, റവല്യൂഷണറി യൂത്ത്, ആര്‍.എം.പി, എ.ഐ.എസ്.എഫ്, ഫിലിം സൊസൈറ്റികള്‍, പാഠാന്തരമാസിക,സമരസംഘടനകള്‍,വനിതാ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചടങ്ങ് മാറ്റി വെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

പുസ്തക പ്രകാശന ചടങ്ങില്‍ അതിഥിയായെത്തുന്ന ബ്രഹ്മവിഹാരി ദാസ് സ്വാമിയുടെ നിബന്ധന അനുസരിച്ചാണ് വിവര്‍ത്തകയായ ശ്രീദേവി എസ് കര്‍ത്തയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയത്.

താന്‍ ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്ന നിബന്ധനയാണ് സ്വാമി മുന്നോട്ട് വെച്ചിരിക്കുന്നത്. മാത്രവുമല്ല തനിക്ക് മുന്‍ പന്തിയില്‍ സ്ഥാനം നല്‍കണമെന്നും ആ വരിയില്‍ മൂന്ന് സീറ്റുകള്‍ തന്റെ ശിഷ്യന്‍മാര്‍ക്ക് നല്‍കണമെന്നുമാണ് സ്വാമിയുടെ നിബന്ധനകള്‍.

വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പുസ്തകപ്രകാശന ചടങ്ങ് നടക്കുന്ന ഹാളിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തി. ഇവരെ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ആര്‍.എം.പിയുടേയും പാഠാന്തരമാസികയുടേയും പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറുകയും വേദി പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ചടങ്ങ് മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.

അതേസമയം സ്ത്രീ വിരുദ്ധ ചടങ്ങില്‍ പങ്കെടുക്കാനെത്തുകയും കറന്റ് ബുക്‌സിനെ ന്യായീകരിക്കുകയും ചെയ്ത സാറാ ജോസഫിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. സാറാ ജോസഫ് മാപ്പുപറയണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെട്ടു.

സാങ്കേതികമായി മാത്രമേ ശ്രീദേവി എസ് കര്‍ത്ത ഈ പുസ്തകത്തിന്റെ രചയിതാവാകുന്നുള്ളൂ എന്നും യഥാര്‍ത്ഥ എഴുത്തുകാരന്‍ കലാം തന്നെയാണെന്നുമായിരുന്നു കറന്റ് ബുക്‌സ് സംഘാടകരുടെ നിലപാട്.

സാധാരണ പുസ്തക പ്രകാശന ചടങ്ങില്‍ വിവര്‍ത്തകയെ ആരും ക്ഷണിക്കാറില്ലെന്നുമായിരുന്നു കറന്റ് ബുക്‌സ് അധികൃതരുടെ വാദം.

വിവര്‍ത്തക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിന്നാണ് കറന്റ് ബുക്‌സ് ഏര്‍പ്പെടുത്തിയ വിലക്കിനെ കുറിച്ച് ലോകമറിയുന്നത്. ഒരെഴുത്തുകാരി എന്നതിനുമപ്പുറത്ത് ചില അപകടകരമായ സൂചനകളാണ് ഈ നീക്കം നല്‍കുന്നതെന്നാണ് ശ്രീദേവി കര്‍ത്ത തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.

എം.ടി വാസുദേവന്‍ നായരും മുഖ്യാതിഥി അരുണ്‍ തിവാരിയും ചേര്‍ന്നായിരുന്നു പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ സംഭവസ്ഥലത്തെ വിവാദം അറിഞ്ഞതിനെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാനായി തൃശൂരെത്തിയ എം.ടി സാഹിത്യ അക്കാദമിയിലേക്ക് എത്താതെ മടങ്ങുകയും ചെയ്തു.

പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് വിവര്‍ത്തകയെ വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം